ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്. (supplied)
India

ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയിൽ സ്വകാര്യ ബസിന് തീപിടിച്ചു; 32 മരണം

കർണൂലിന്റെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറിൽ ദേശീയപാത 44 ൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്.

Safvana Jouhar

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയിൽ സ്വകാര്യ ബസിന് തീപിടിച്ച് 32 പേർ വെന്ത് മരിച്ചു. ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്. കർണൂലിന്റെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറിൽ ദേശീയപാത 44 ൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്.

അപകടസമയത്ത് ബസിൽ 40 ഓളം പേർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിൽ 12 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബസിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാൾ ബൈക്ക് യാത്രികനാണെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. അതേസമയം മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. അപകടസ്ഥലത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന് ശേഷം ബസിൻറെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായി അധികൃതർക്ക് വിവരം ലഭിച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനൊപ്പമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാഗങ്ങളെ നഷ്ടപ്പെട്ടവരുടെ ദുംഖത്തിൽ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരിക്കേറ്റവർക്കും ഇരകൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും മരണസംഖ്യ ഉയരുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു. ദാരുണമായ അപകടത്തിൽ മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി മേധാവിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും ദുഖം പ്രകടിപ്പിച്ചു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിച്ചു.

SCROLL FOR NEXT