ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മോദിയെ തന്റെ 'പ്രിയ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച മെലോണി, അദ്ദേഹത്തിന് നല്ല ആരോഗ്യവും ഊർജ്ജസ്വലതയും വിജയവും ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും ആഗോള സമൃദ്ധിയും സഹകരണവും ഉറപ്പാക്കുന്ന ഭാവി ഒന്നിച്ചു കെട്ടിപ്പടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ വർഷം മേയിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ച വേളയിലെ ഇരുനേതാക്കളുടെയും സൗഹൃദ ചിത്രങ്ങൾ ആഗോള ശ്രദ്ധ നേടിയിരുന്നു.
ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് പുറമെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ള നിരവധി ലോകനേതാക്കൾ നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ചു. ആഗോളതലത്തിൽ വലിയ ആദരവും നിർണ്ണായക സ്വാധീനവുമുള്ള നേതാവാണ് മോദിയെന്ന് പുടിൻ പ്രശംസിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ മോദിയുടെ വ്യക്തിപരമായ ഇടപെടലുകൾ നിർണ്ണായക പങ്കുവഹിച്ചതായും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.