ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണന് 452 വോട്ടുകളാണ് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച വിരമിച്ച മുൻ സുപ്രീം കോടതി ജസ്റ്റിസ് ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് നേടാനായത്. തുടക്കം മുതലേ രാധാകൃഷ്ണന് മുൻതൂക്കമുണ്ടായിരുന്നു.
1957 ൽ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണന്‍ ആർഎസ്എസിൽ പ്രവർത്തിച്ചാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്, 1996ൽ ബിജെപി തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറിയായി.
2003 മുതല്‍ ആറ് വർഷത്തോളം തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി പി രാധാകൃഷ്ണന്‍ കോയമ്പത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1999 ലായിരുന്നു ഇത്.
2023 ഫെബ്രുവരിയിൽ ജാർഖണ്ഡ് ഗവർണറായ ഇദ്ദേഹം 2024 ജൂലൈ 31ന് മഹാരാഷ്ട്ര ഗവർണറായും ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, തെലങ്കാന ആക്ടിങ് ഗവർണർ, പുതുച്ചേരി ആക്ടിങ് ലഫ്. ഗവർണർ എന്നീ പദവികളും വഹിച്ചു.