സംഭവത്തിൽ ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  -
India

ഇൻഡിഗോ വിമാനയാത്ര പ്രതിസന്ധി: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് അന്വേഷണം നടക്കുമെന്ന് അറിയിച്ചത്.

Safvana Jouhar

ന്യൂഡൽഹി: ഇൻഡിഗോ വിമാനയാത്ര പ്രതിസന്ധിയിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അഞ്ചാം ദിവസവും പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് അന്വേഷണം നടക്കുമെന്ന് അറിയിച്ചത്. ഇൻഡിഗോയിൽ എന്താണ് സംഭവിച്ചത് എന്നറിയണമെന്നും ഭാവിയിൽ ഇത്തരത്തിൽ ഉണ്ടാകാതെയിരിക്കാൻ നടപടികൾ നിർദേശിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ ബ്രംഹനെ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമിത് ഗുപ്ത, സീനിയർ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ക്യാപ്റ്റൻ കപിൽ മാങ്ലിക്, ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ലോകേഷ് രാംപാൽ എന്നിവരടങ്ങിയ നാലംഗ സമിതിയാണ് അന്വേഷണം നടത്തുക.

അതേസമയം പ്രതിസന്ധി മൂർച്ഛിച്ചതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ മടക്കിനൽകും. കാൻസൽ ചെയ്തതും റീഷെഡ്യൂൾ ചെയ്തതുമായ സർവീസുകളുടെ പണമാണ് ഇൻഡിഗോ മടക്കിനൽകുക. എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കിനൽകാനും ഭക്ഷണവും വെള്ളവും അടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ നൽകാനും ഇൻഡിഗോ തീരുമാനിച്ചു. സാധ്യമാകുന്നിടത്തെല്ലാം മുതിർന്ന പൗരന്മാരായ യാത്രക്കാർക്ക് ലോഞ്ച് അക്സസും ഇൻഡിഗോ നൽകും.

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.നവംബർ ഒന്ന് മുതലാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ എന്ന പുതിയ ക്രമീകരണം നടപ്പിലായത്. എന്നാൽ ഇത് പ്രാവർത്തികമാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വീഴ്ച സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു. രാത്രി ലാൻഡിങ്ങിന്റെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു. ഇതോടെയാണ് ഇൻഡിഗോ പ്രതിസന്ധിയിലായത്.

SCROLL FOR NEXT