വനിതാ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് വേണ്ടി വിക്ടറി പരേഡ് നല്‍കുമോയെന്ന കാര്യത്തില്‍ പ്രതികരിച്ച് ബിസിസിഐ. വനിതാ ഏകദിന ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും ഇതുവരെ വിക്ടറി പരേഡ് ആസൂത്രണം ചെയ്തിട്ടില്ലെന്നാണ് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞത്. മുംബൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സൈക്കിയ ഇക്കാര്യത്തെ കുറിച്ച് ബിസിസിഐ നിലവിൽ ആലോചിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയത്. നാളെ ദുബായില്‍ നടക്കുന്ന ഐസിസി ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനുള്ള തിരക്കിലാണ് ബിസിസിഐ സെക്രട്ടറിയായ ദേവ്ജിത് സൈക്കിയ.
"ഇപ്പോൾ ഒരു വിജയ പരേഡൊന്നും ആസൂത്രണം ചെയ്തിട്ടില്ല. ഐസിസി യോഗത്തിൽ പങ്കെടുക്കാൻ ദുബായിലേക്ക് പോവുകയാണ് ഞാൻ. മറ്റ് ഉദ്യോഗസ്ഥരും അവിടേക്ക് പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ തിരിച്ചെത്തുന്നതിന് അനുസരിച്ച് ഞങ്ങൾ വിക്ടറി പരേഡ് ആസൂത്രണം ചെയ്യും", സൈക്കിയ പറഞ്ഞു. ഐഎഎൻഎസ് റിപ്പോർട്ട് അനുസരിച്ച് നവംബർ 4 മുതൽ 7 വരെ ദുബായിൽ നടക്കുന്ന ഐസിസി യോഗങ്ങളിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥർ തിരിച്ചെത്തിയതിനുശേഷം മാത്രമാണ് വിജയാഘോഷങ്ങൾ നടത്താൻ സാധിക്കുക. അതുകൊണ്ടുതന്നെ ഇന്ത്യൻ വനിതാ ടീമിന് ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കാൻ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരും.