(Photograph: Odisha Forest Department/AFP/Getty Images)
India

ഇന്ത്യയിലെ വനത്തിൽ അഞ്ച് കുഞ്ഞൻ ഒറാങ്ങുട്ടാനുകൾ; കടത്തിക്കൊണ്ടുവന്നതാണോയെന്ന് അന്വേഷണം

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ജലേശ്വർ റേഞ്ചിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പട്രോളിങ്ങിനിടെയാണ് അപൂർവ ഇനത്തിൽപ്പെട്ട കുഞ്ഞൻ ഒറാങ്ങുട്ടാനുകളെ കണ്ടെത്തിയത്.

Safvana Jouhar

ഭുവനേശ്വർ: ഇന്ത്യയിലെ ഒഡീഷയിലെ വനമേഖലയിൽ അഞ്ച് കുഞ്ഞൻ ഒറാങ്ങുട്ടാനുകളെ കണ്ടെത്തിയതോടെ ഇവ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണോയെന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ജലേശ്വർ റേഞ്ചിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പട്രോളിങ്ങിനിടെയാണ് അപൂർവ ഇനത്തിൽപ്പെട്ട കുഞ്ഞൻ ഒറാങ്ങുട്ടാനുകളെ കണ്ടെത്തിയത്. ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ ബോർണിയോ, സുമാത്ര ദ്വീപുകളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് ബാലസോർ.

അഞ്ച് ഒറാങ്ങുട്ടാനുകളും പ്രദേശത്ത് എത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമായിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. നിലവിൽ ഇവയെ ഒഡീഷയിലെ ഒരു സുവോളജിക്കൽ പാർക്കിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്.

ഒറാങ്ങുട്ടാനുകൾ എങ്ങനെയാണ് ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്താൻ വന്യജീവി അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണ്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വന്യജീവി കടത്ത് സംഘത്തിന് ഇതിൽ പങ്കുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഒഡീഷ പരിസ്ഥിതി മന്ത്രി റാം സിങ് ഖുന്തിയ പറഞ്ഞു.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന CITES കരാർ പ്രകാരം ഒറാങ്ങുട്ടാനുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വ്യാപാരം നിരോധിച്ചിട്ടുണ്ട്. ലോക വന്യജീവി ഫണ്ടിന്റെ കണക്കുകൾ പ്രകാരം ബോർണിയോയിലും സുമാത്രയിലുമായി നിലവിൽ ഏകദേശം 1.04 ലക്ഷം ഒറാങ്ങുട്ടാനുകളാണ് അവശേഷിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ഇത് 2.3 ലക്ഷത്തിലധികമായിരുന്നു. ടപനുലി ഒറാങ്ങുട്ടാൻ (Pongo tapanuliensis) എന്ന മൂന്നാമത്തെ ഇനം അതീവ ഗുരുതര വംശനാശഭീഷണിയിലാണ്. കാട്ടിൽ 800ൽ താഴെ മാത്രമാണ് ഇവ അവശേഷിക്കുന്നതെന്നാണ് കരുതുന്നത്. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ ഉണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 33 മുതൽ 54 വരെ ടപനുലി ഒറാങ്ങുട്ടാനുകൾ ചത്തതായി സംരക്ഷണ പ്രവർത്തകർ കണക്കാക്കിയിരുന്നു. ഇതോടെ ഇവയുടെ ആകെ ജനസംഖ്യയിൽ ഏകദേശം ഏഴ് ശതമാനം കുറവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ടപനുലി ഒറാങ്ങുട്ടാനുകളുടെ മുഴുവൻ ജനസംഖ്യയും ബതാങ് ടോറുവിലെ വെസ്റ്റ് ബ്ലോക്ക് വനമേഖലയിലാണ് കഴിയുന്നത്. ഖനനം, പാം ഓയിൽ തോട്ടങ്ങൾ, വൻ ജലവൈദ്യുത പദ്ധതി എന്നിവ മൂലം ഈ ആവാസവ്യവസ്ഥയും കടുത്ത ഭീഷണി നേരിടുകയാണ്.

SCROLL FOR NEXT