(Photo: Reuters)
India

മോദിക്കെതിരെ ഓൺലൈൻ വധഭീഷണി; ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ജൂലൈ 9ന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കുന്ന "Melbourne Meets Modi" എന്ന സമൂഹപരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.

Safvana Jouhar

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെൽബൺ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, അദ്ദേഹത്തിനെതിരെ സമൂഹമാധ്യമത്തിൽ ഉയർന്ന വധഭീഷണിയിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) അന്വേഷണം ആരംഭിച്ചു. ജൂലൈ 9ന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കുന്ന "Melbourne Meets Modi" എന്ന സമൂഹപരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. "അബു മുസ്തഫ" എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ള കമന്റിൽ, "സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചില്ലെങ്കിൽ, അദ്ദേഹം ഓസ്ട്രേലിയയിലേക്ക് വരുന്നത് മരണത്തിനായിരിക്കും" എന്നാണ് പറഞ്ഞിരുന്നത്.

ഓസ്ട്രേലിയൻ മാധ്യമമായ The Australia Today റിപ്പോർട്ട് ചെയ്തതനുസരിച്ച്, കമന്റ് പ്രത്യക്ഷപ്പെട്ട ദിവസം തന്നെ സംഭവം ഫെഡറൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട ഐ.പി. വിലാസം പൊലീസ് കണ്ടെത്തിയതായും, സന്ദേശത്തിന്റെ ഉറവിടവും ക്രിമിനൽ കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഈ വിഷയത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിദേശ രാഷ്ട്രത്തലവൻമാർക്കെതിരായ ഭീഷണികളെ ഓസ്ട്രേലിയൻ സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന നേതാക്കളുടെ സന്ദർശനങ്ങളിൽ ഫെഡറൽ പൊലീസും സംസ്ഥാന പൊലീസും പ്രത്യേക സുരക്ഷാ വിഭാഗങ്ങളും ചേർന്നാണ് സുരക്ഷ ഒരുക്കുന്നത്. പ്രധാനമന്ത്രി മോദി ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ ഉഭയകക്ഷി ചർച്ചകളിലും മെൽബണിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ പരിപാടിയുൾപ്പെടെയുള്ള വിവിധ പരിപാടികളിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT