ഇന്ത്യൻ ബഹിരാകാശ മേഖലയുമായി കൈകോർക്കാൻ ഓസ്‌ട്രേലിയ 
India

ഇന്ത്യൻ ബഹിരാകാശ മേഖലയുമായി കൈകോർക്കാൻ ഓസ്‌ട്രേലിയ; ബെംഗളൂരു സ്പേസ് എക്‌സ്‌പോയിൽ കരാറുകൾ ഒപ്പിടും

എക്‌സ്‌പോയുടെ ടെക്‌നോളജി കൺട്രി പാർട്ണറായി പങ്കെടുക്കുന്ന ഓസ്‌ട്രേലിയ, ഒമ്പത് സ്വകാര്യ കമ്പനികളും മൂന്ന് സർവകലാശാലകളും ഉൾപ്പെടുന്ന 12 അംഗ ഉന്നതതല പ്രതിനിധി സംഘത്തെയാണ് ഇന്ത്യയിലേക്ക് അയക്കുന്നത്.

Elizabath Joseph

ന്യൂഡൽഹി: അതിവേഗം വളരുന്ന ഇന്ത്യൻ സ്വകാര്യ ബഹിരാകാശ വിപണിയുമായി വാണിജ്യ-സാങ്കേതിക പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയ. അടുത്ത ആഴ്ച ബെംഗളൂരുവിൽ നടക്കുന്ന 'ബെംഗളൂരു സ്പേസ് എക്‌സ്‌പോയിൽ' (BSX) ഇന്ത്യൻ കമ്പനികളുമായി ഓസ്‌ട്രേലിയ മൂന്ന് മുതൽ അഞ്ച് വരെ നിർണായക ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെക്കുമെന്ന് ഓസ്‌ട്രേഡ് (Austrade) ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷണർ നഥാൻ ഡേവിസ് അറിയിച്ചു. എക്‌സ്‌പോയുടെ ടെക്‌നോളജി കൺട്രി പാർട്ണറായി പങ്കെടുക്കുന്ന ഓസ്‌ട്രേലിയ, ഒമ്പത് സ്വകാര്യ കമ്പനികളും മൂന്ന് സർവകലാശാലകളും ഉൾപ്പെടുന്ന 12 അംഗ ഉന്നതതല പ്രതിനിധി സംഘത്തെയാണ് ഇന്ത്യയിലേക്ക് അയക്കുന്നത്.

ഭൗമനിരീക്ഷണം, ചെറുകിട ഉപഗ്രഹ നിർമ്മാണം, വിക്ഷേപണ-റീ എൻട്രി സേവനങ്ങൾ, സ്പേസ് ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മൈക്രോഗ്രാവിറ്റി ഗവേഷണം എന്നിവയിലാണ് ഇരുരാജ്യങ്ങളും പ്രധാനമായും സഹകരിക്കുക. നിലവിൽ 4.6 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുള്ള ഓസ്‌ട്രേലിയൻ ബഹിരാകാശ വ്യവസായം ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് 12 മുതൽ 13 ബില്യൺ ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാന് ടെലിമെട്രി ട്രാക്കിംഗിനും ക്രൂ-മൊഡ്യൂൾ വീണ്ടെടുക്കലിനും ഓസ്‌ട്രേലിയ ഇതിനകം തന്നെ സഹായം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊക്കോസ് (കീലിംഗ്) ദ്വീപുകളിൽ ഐഎസ്ആർഒ താൽക്കാലിക ട്രാക്കിംഗ് കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.

SCROLL FOR NEXT