ഓസ്‌ട്രേലിയൻ വീസ ചട്ടങ്ങളിൽ മാറ്റം 
India

ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയൻ വീസയ്ക്ക് ഇനി ബയോമെട്രിക്സ് നിർബന്ധം; പുതിയ അപേക്ഷകർ അറിയേണ്ട കാര്യങ്ങൾ

അപേക്ഷകർ ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ടോ എന്ന കാര്യം ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സ് നേരിട്ടോ രജിസ്റ്റർ ചെയ്ത ഏജന്റുകൾ വഴിയോ ഇമെയിൽ വഴി അറിയിക്കും

Elizabath Joseph

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വീസ അപേക്ഷകർക്കായി ബയോമെട്രിക് വിവര ശേഖരണ ചട്ടങ്ങൾ വിപുലീകരിച്ച് ഓസ്‌ട്രേലിയ. സുരക്ഷിതവും സുതാര്യവുമായ വീസ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 26 മുതൽ സമർപ്പിക്കുന്ന പുതിയ അപേക്ഷകൾക്ക് ഫിംഗർപ്രിന്റും മുഖചിത്രവും (ഫേഷ്യൽ ഇമേജ്) നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്ന് ന്യൂഡൽഹിയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഒക്ടോബർ 26-ന് മുമ്പ് അപേക്ഷിച്ചവർക്കും നിലവിൽ സാധുവായ വീസയുള്ളവർക്കും പുതിയ നിബന്ധന ബാധകമല്ല.

അപേക്ഷകർ ബയോമെട്രിക് വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ടോ എന്ന കാര്യം ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സ് നേരിട്ടോ രജിസ്റ്റർ ചെയ്ത ഏജന്റുകൾ വഴിയോ ഇമെയിൽ വഴി അറിയിക്കും. അറിയിപ്പ് ലഭിക്കുന്നവർ ഓസ്‌ട്രേലിയൻ ബയോമെട്രിക്‌സ് കളക്ഷൻ സെന്ററുകളിൽ (ABCC) നേരിട്ടെത്തി നിശ്ചിത ഫീസ് അടച്ച് വിവരങ്ങൾ കൈമാറണം. ഇതിനായി വീസ അപേക്ഷയുമായി ബന്ധിപ്പിച്ച പാസ്‌പോർട്ട് കൈയിൽ കരുതണം. എന്നാൽ, മുൻപ് ബയോമെട്രിക്‌സ് സമർപ്പിച്ചിട്ടുള്ള സാധുവായ പാസ്‌പോർട്ടുള്ളവർക്ക് 'Australian Immi App' മൊബൈൽ ആപ്ലിക്കേഷൻ വഴി സൗജന്യമായി ഡിജിറ്റലായി തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

ബയോമെട്രിക്സ് ആവശ്യപ്പെടുമ്പോൾ തന്നെ കാലതാമസമില്ലാതെ പൂർത്തിയാക്കിയാൽ വീസ പ്രോസസ്സിംഗ് സമയത്തെ ഇത് ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആൾമാറാട്ടം തടയുന്നതിനും അപേക്ഷകരുടെ വിവരങ്ങളും ക്രിമിനൽ പശ്ചാത്തലവും രാജ്യാന്തര ഏജൻസികളുമായി ചേർന്ന് പരിശോധിക്കുന്നതിനുമാണ് ഈ നടപടി. ശേഖരിക്കുന്ന വിവരങ്ങൾ ഓസ്‌ട്രേലിയൻ നിയമങ്ങൾക്ക് വിധേയമായി പൂർണ്ണ സുരക്ഷിതത്വത്തോടെയാകും കൈകാര്യം ചെയ്യുകയെന്നും ഹൈക്കമ്മീഷൻ ഉറപ്പുനൽകി.

SCROLL FOR NEXT