ക്ലോഡ് എഐ പ്രോ സബ്‌സ്‌ക്രിപ്ഷൻ 1,999 രൂപ മുതൽ 
India

ഇന്ത്യക്കാര്‍ക്കായി പ്രത്യേക പ്ലാനുകളുമായി ആന്ത്രോപിക്;ക്ലോഡ് എഐ പ്രോ സബ്‌സ്‌ക്രിപ്ഷൻ Rs1999 മുതൽ

പ്രതിമാസ ബില്ലിങ് തിരഞ്ഞെടുക്കുന്നവർക്ക് 2,399 രൂപയാണ് വില വരുന്നത്. ഇതിനൊപ്പം ക്ലോഡിന്റെ അടിസ്ഥാന സൗജന്യ പതിപ്പും ഇന്ത്യയിൽ തുടരും.

Elizabath Joseph

ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തങ്ങളുടെ എഐ അസിസ്റ്റന്റായ ക്ലോഡ് എഐയുടെ (Claude AI) പ്രത്യേക സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് (Anthropic). യുഎസ് ഡോളറിന് പകരം ഇന്ത്യൻ രൂപയിൽ (INR) നേരിട്ട് പണമടയ്ക്കാനുള്ള സൗകര്യമാണ് പുതിയ പ്ലാനുകളിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര പേയ്‌മെന്റ് ബുദ്ധിമുട്ടുകളും വിദേശ വിനിമയ ചാർജുകളും (Forex Charges) പൂർണ്ണമായി ഒഴിവാക്കാം. ക്ലോഡിന്റെ പ്രോ പ്ലാൻ വാർഷിക ബില്ലിങ്ങിൽ പ്രതിമാസം 1,999 രൂപ നിരക്കിൽ (ആകെ വാർഷിക ബിൽ 24,000 രൂപ) ലഭ്യമാകും. പ്രതിമാസ ബില്ലിങ് തിരഞ്ഞെടുക്കുന്നവർക്ക് 2,399 രൂപയാണ് വില വരുന്നത്. ഇതിനൊപ്പം ക്ലോഡിന്റെ അടിസ്ഥാന സൗജന്യ പതിപ്പും ഇന്ത്യയിൽ തുടരും.

ക്ലോഡ് പ്രോ പ്ലാനിലൂടെ ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയ സോനെറ്റ് 5, ഓപ്പസ്, ഫേബിൾ 5 എന്നീ എഐ മോഡലുകളിലേക്ക് ഉപയോക്താക്കൾക്ക് പ്രവേശനം ലഭിക്കും. ഉയർന്ന ഉപയോഗ പരിധി, റിസർച്ച് മോഡ്, പരിധിയില്ലാത്ത പ്രോജക്റ്റുകൾ, വെബ് സെർച്ച്, വോയിസ് മോഡ്, മൈക്രോസോഫ്റ്റ് 365 ഇന്റഗ്രേഷൻ എന്നിവ ഇതിന്റെ സവിശേഷതകളാണ്. കൂടുതൽ ഉപയോഗമുള്ളവർക്കായി 11,999 രൂപ നിരക്കിൽ ക്ലോഡ് മാക്‌സ് 5x പ്ലാനും, 23,999 രൂപ നിരക്കിൽ ക്ലോഡ് മാക്‌സ് 20x പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബിസിനസ്സ് ആവശ്യങ്ങൾക്കായി ടീം സ്റ്റാൻഡേർഡ് (പ്രതിമാസം ഒരാൾക്ക് 2,399 രൂപ മുതൽ), ടീം പ്രീമിയം (പ്രതിമാസം ഒരാൾക്ക് 11,999 രൂപ മുതൽ) എന്നീ രണ്ട് ടീം പ്ലാനുകളും ലഭ്യമാണ്. 200K കോൺടെക്സ്റ്റ് വിൻഡോ, കേന്ദ്രീകൃത ബില്ലിങ്, അഡ്മിൻ കൺട്രോളുകൾ എന്നിവയടങ്ങുന്നതാണ് ടീം പ്ലാനുകൾ. ഈ ബിസിനസ്സ് അക്കൗണ്ടുകളിലെ ഡാറ്റ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്നും ലിസ്റ്റ് ചെയ്ത നിരക്കുകളിൽ ജിഎസ്ടി ഉൾപ്പെടുന്നുണ്ടെന്നും ആന്ത്രോപിക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിരക്കുകൾ നിലവിൽ പ്രാബല്യത്തിൽ വന്നു.

SCROLL FOR NEXT