ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിന് അധിക തുക ഈടാക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ വിമാനക്കമ്പനികൾ രംഗത്ത്. സീറ്റ് സെലക്ഷൻ ഫീസ് ഒഴിവാക്കുന്നത് വരുമാന നഷ്ടമുണ്ടാക്കുമെന്നും ഇത് നികത്താൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുമെന്നുമാണ് വിമാനക്കമ്പനികളുടെ വാദം. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) ഈ നിർദ്ദേശത്തിൽ നിന്ന് പിന്മാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
വിമാനങ്ങളിലെ ആകെ സീറ്റുകളിൽ 60 ശതമാനമെങ്കിലും അധിക നിരക്കില്ലാതെ യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കണമെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) മന്ത്രാലയം നിർദ്ദേശം നൽകിയത്. എന്നാൽ ഈ തീരുമാനം വ്യോമയാന മേഖലയെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറിക്ക് അയച്ച കത്തിൽ എഫ്.ഐ.എ ചൂണ്ടിക്കാട്ടി. സീറ്റ് മുൻകൂട്ടി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത യാത്രക്കാർക്ക് പോലും ടിക്കറ്റ് നിരക്ക് വർദ്ധനവിലൂടെ അധിക ബാധ്യതയുണ്ടാകാൻ ഇത് കാരണമാകുമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി.
നിലവിൽ വിൻഡോ സീറ്റുകൾക്കും ഐൽ സീറ്റുകൾക്കും അധിക ലെഗ്റൂം ഉള്ള മുൻനിര സീറ്റുകൾക്കുമായി 200 രൂപ മുതൽ 2,100 രൂപ വരെയാണ് കമ്പനികൾ ഈടാക്കുന്നത്. വിമാനത്തിലെ വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് നിലവിൽ സൗജന്യമായി ലഭിക്കുന്നത്. സീറ്റ് സെലക്ഷന്റെ പേരിൽ വിമാനക്കമ്പനികൾ കൊള്ളലാഭം കൊയ്യുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ യാത്രക്കാർ നിരന്തരം പരാതിപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇടപെട്ടത്. വിമാനക്കമ്പനികളുടെ പ്രവർത്തനം യാത്രക്കാർക്ക് കൂടി ഗുണകരമായ രീതിയിൽ ഏകീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.