ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ Mark Bess / Wikipedia
India

ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ റദ്ദാക്കി എയർ ഇന്ത്യ; ആശങ്കയിൽ പ്രവാസികൾ

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴിയുള്ള ദൈർഘ്യമേറിയ യാത്രകളെയാണ് ആശ്രയിക്കുന്നത്.

Elizabath Joseph

ന്യൂഡൽഹി/ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ മെയ് 31 വരെ റദ്ദാക്കി. ഇറാൻ-ഇസ്രായേൽ നേരിട്ടുള്ള ഏറ്റുമുട്ടലുകളും മിസൈൽ ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഈ തീരുമാനമെടുത്തത്. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ ഒന്ന് വീതം നടത്തിയിരുന്ന സർവീസുകളാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.

എയർ ഇന്ത്യയ്ക്ക് പുറമെ മറ്റ് പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും ടെൽ അവീവിലേക്കുള്ള സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഇസ്രായേലിൽ കഴിയുന്ന നാൽപ്പതിനായിരത്തിലധികം ഇന്ത്യക്കാരെ ഈ തീരുമാനം പ്രതിസന്ധിയിലാക്കി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴിയുള്ള ദൈർഘ്യമേറിയ യാത്രകളെയാണ് ആശ്രയിക്കുന്നത്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മെയ് 31-ന് ശേഷം സുരക്ഷാ സാഹചര്യം വിലയിരുത്തി മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകാനോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ ഉള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

SCROLL FOR NEXT