ഒരു ദശാബ്ദത്തിലേറെയായി കാത്തിരുന്ന ഓസ്ട്രേലിയൻ ആരാധകർക്ക് ആവേശമായി ഹെവി മ്യൂസിക് ബാൻഡ് SYSTEM OF A DOWN ഓസ്ട്രേലിയയിൽ സ്റ്റേഡിയം ടൂറിനായി എത്തുന്നു. 2027 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ടൂറിൽ പ്രമുഖ ആൾട്ടർനേറ്റീവ് മെറ്റൽ ബാൻഡായ FAITH NO MOREയും ഒപ്പമുണ്ടാകും. 2027 ജനുവരി 22ന് സിഡ്നിയിലെ Accor Stadiumലാണ് ടൂർ ആരംഭിക്കുന്നത്. ജനുവരി 27ന് മെൽബണിലെ Marvel Stadiumലും ഫെബ്രുവരി 1ന് ബ്രിസ്ബേനിലെ Suncorp Stadiumലും സംഗീത പരിപാടികൾ നടക്കും.
യൂറോപ്പിലും യുകെയിലും നടന്ന വൻ വിജയകരമായ സ്റ്റേഡിയം ടൂറിന് പിന്നാലെയാണ് SYSTEM OF A DOWN ഓസ്ട്രേലിയയിലെത്തുന്നത്. പാരിസ്, ലണ്ടൻ, വാർസോ എന്നിവിടങ്ങളിലെ പരിപാടികൾ വൻ ജനപങ്കാളിത്തത്തോടെ വിറ്റഴിഞ്ഞിരുന്നു. 1990കളുടെ അവസാനം സംഗീതരംഗത്ത് എത്തിയ SYSTEM OF A DOWN, രാഷ്ട്രീയ വിമർശനങ്ങളും വ്യത്യസ്തമായ സംഗീതശൈലിയും ശക്തമായ സ്റ്റേജ് പ്രകടനങ്ങളും കൊണ്ട് ഹെവി മ്യൂസിക് രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ബാൻഡാണ്. Toxicity, Chop Suey!, Aerials, Toxicity, B.Y.O.B. തുടങ്ങിയ ഗാനങ്ങൾ ലോകമെമ്പാടുമുള്ള റോക്ക്, മെറ്റൽ ആരാധകർക്കിടയിൽ ഇന്നും ജനപ്രിയമാണ്.
അതേസമയം, FAITH NO MOREയുടെ സാന്നിധ്യം ടൂറിന്റെ ആവേശം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. മെറ്റൽ, ഫങ്ക്, പങ്ക്, ആൾട്ടർനേറ്റീവ് റോക്ക് തുടങ്ങിയ സംഗീതശൈലികളെ സംയോജിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ സംഗീതാനുഭവം സമ്മാനിച്ച ബാൻഡാണ് FAITH NO MORE. Epic, Midlife Crisis, Easy തുടങ്ങിയ ഗാനങ്ങളിലൂടെ അവർ സംഗീതലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു. രണ്ട് പ്രമുഖ ബാൻഡുകൾ ഒരേ വേദിയിൽ എത്തുന്നതിനാൽ 2027ലെ ഓസ്ട്രേലിയൻ റോക്ക് സംഗീതരംഗത്തെ പ്രധാന പരിപാടികളിലൊന്നായി ഈ ടൂർ മാറുമെന്നാണ് പ്രതീക്ഷ. SYSTEM OF A DOWNന്റെ തിരിച്ചുവരവിനായി വർഷങ്ങളായി കാത്തിരുന്ന ആരാധകർക്ക് പരിപാടിയുടെ ടിക്കറ്റുകൾക്കായി വലിയ ആവേശമുണ്ടാകുമെന്നാണ് വിലയിരുത്തൽ.