(Supplied)
Events

ഷെപ്പാർട്ടണിൽ വടംവലി ആവേശമുയർത്താൻ ‘പടക്കളം 2026’; 11 ടീമുകൾ മാറ്റുരയ്ക്കും

Adelaide Johnywalker, Kerala Tuskers, Sevenz Brisbane, Kombanz, MKB, Punyalans, Royal Warriors Brisbane, Shepp Stars Shepparton തുടങ്ങിയ പ്രമുഖ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

Safvana Jouhar

ഷെപ്പാർട്ടൺ (ഓസ്‌ട്രേലിയ): ഓസ്‌ട്രേലിയയിലെ മലയാളി കായികപ്രേമികൾക്ക് ആവേശം പകരാൻ ‘പടക്കളം 2026 — സീസൺ 1’ വടംവലി മത്സരം ഒക്ടോബർ 11 ഞായറാഴ്ച ഷെപ്പാർട്ടണിൽ അരങ്ങേറും. ഷെപ്പാർട്ടൺ മലയാളി അസോസിയേഷനും (SHEMA) ഷെപ്പ് സ്റ്റാർസ് ക്ലബ്ബും (Shepp Stars Shepparton) സംയുക്തമായാണ് ഈ കായികമാമാങ്കം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 11 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ കരുത്തും ഐക്യവും പോരാട്ടവീര്യവും മാറ്റുരയ്ക്കും. ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനിടയിൽ പരമ്പരാഗത വടംവലി മത്സരങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും കായികരംഗത്തെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

Adelaide Johnywalker, Kerala Tuskers, Sevenz Brisbane, Kombanz, MKB, Punyalans, Royal Warriors Brisbane, Shepp Stars Shepparton തുടങ്ങിയ പ്രമുഖ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഗ്രഹാംവെയിൽ പ്രൈമറി സ്കൂളിൽ (Grahamvale Primary School, 85 Grahamvale Road, Shepparton, VIC 3631) വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന ടീമുകൾക്കായി താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ വടംവലി അസോസിയേഷൻ (AVA) മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സംഘാടകർക്കും ആശംസകൾ അറിയിച്ചു. കായികമനോഭാവവും പരസ്പര ബഹുമാനവും സൗഹൃദവും ഉയർത്തിപ്പിടിക്കുന്ന മികച്ച മത്സരങ്ങൾക്ക് പടക്കളം 2026 വേദിയാകട്ടെയെന്നും അസോസിയേഷൻ ആശംസിച്ചു.

മലയാളികളുടെ പരമ്പരാഗത കായികവിനോദമായ വടംവലിയിലൂടെ ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ആവേശകരമായ കായികോത്സവമായി ‘പടക്കളം 2026’ മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും കായികപ്രേമികളും.

SCROLL FOR NEXT