സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ ഇന്ന് നടക്കാനിരുന്ന നടൻ മോഹൻലാലിന്റെ സ്റ്റേജ് ഷോ മാറ്റിവെച്ചു (പോസ്റ്റ്‌പോൺ ചെയ്തു). മോഹൻലാലിന് ഓസ്‌ട്രേലിയൻ വിസ ലഭ്യമാകാത്തതിനെ തുടർന്നാണ് പരിപാടി മാറ്റിവെക്കേണ്ടി വന്നതെന്ന് സംഘാടകരായ കായൽ ഇവന്റ്സ് അറിയിച്ചു. പരിപാടി നടത്തുന്ന പുതുക്കിയ തീയതിയും മറ്റ് വിവരങ്ങളും പ്രോഗ്രാം കമ്മിറ്റി പിന്നീട് അറിയിക്കുന്നതായിരിക്കും.
അതേസമയം, നാളെ ന്യൂസിലാൻഡിലെ ഓക്‌ലാൻഡിൽ നിശ്ചയിച്ചിരിക്കുന്ന മോഹൻലാൽ ഷോ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ജനപ്രിയ താരങ്ങളായ മനോജ് കെ. ജയൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ തുടങ്ങി വൻ താരനിരയും പ്രശസ്ത പിന്നണി ഗായിക കെ. എസ്. ചിത്രയും അണിനിരക്കുന്ന ബൃഹത്തായ സ്റ്റേജ് പ്രോഗ്രാമാണ് സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. സിഡ്നിയിലെ ഷോ മുടങ്ങിയത് പ്രവാസി മലയാളി പ്രേക്ഷകർക്കിടയിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്.