സംഘാടകരോടും തന്നെ കാണാൻ കാത്തിരുന്നവരോടും നടി ക്ഷമാപണം നടത്തി. 
Events

മമിത ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഓസ്‌ട്രേലിയൻ ഓണം പരിപാടി മാറ്റിവച്ചു

സെപ്റ്റംബർ 5ന് ഓസ്‌ട്രേലിയയിൽ നടക്കാനിരുന്ന Lendaxis Clyde Onam 2026 പരിപാടിയിൽ മമിത ബൈജുവായിരുന്നു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്.

Safvana Jouhar

നടി മമിത ബൈജുയെ ഉയർന്ന പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഓസ്‌ട്രേലിയയിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനുള്ള നടിയുടെ യാത്ര മാറ്റിവച്ചു. ഈ ആഴ്ച ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കുകയായിരുന്നു മമിത. സെപ്റ്റംബർ 5ന് ഓസ്‌ട്രേലിയയിൽ നടക്കാനിരുന്ന Lendaxis Clyde Onam 2026 പരിപാടിയിൽ മമിത ബൈജുവായിരുന്നു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യനിലയെ തുടർന്ന് ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചതോടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മമിത അറിയിച്ചു. മമിതയുടെ യാത്ര സാധ്യമാകാത്ത സാഹചര്യത്തിൽ Clyde Malayali Association പരിപാടി മാറ്റിവെച്ചു. പുതിയ തീയതി തീരുമാനിക്കുന്നതിനായി മമിതയുടെ ടീമുമായും വേദിയുടെ അധികൃതരുമായും സംഘാടകർ ചർച്ച നടത്തുകയാണ്.

ചികിത്സയിൽ കഴിയുന്നുവെന്ന് മമിത

ഓസ്‌ട്രേലിയയിൽ തന്നെ കാണാൻ കാത്തിരുന്നവരെ അഭിസംബോധന ചെയ്ത് മമിത പങ്കുവെച്ച വീഡിയോയും അസോസിയേഷൻ പുറത്തുവിട്ടു. താൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും മമിത പറഞ്ഞു. ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നെങ്കിൽ പരിപാടിയിൽ പങ്കെടുക്കാൻ തീർച്ചയായും എത്തുമായിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ യാത്ര റദ്ദാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും നടി വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും മമിത പറഞ്ഞു. സംഘാടകരോടും തന്നെ കാണാൻ കാത്തിരുന്നവരോടും നടി ക്ഷമാപണം നടത്തി.

ഓസ്‌ട്രേലിയൻ ആരാധകരെ കാണാൻ പ്രതീക്ഷ

Clyde Malayali Association അംഗങ്ങളെ മറ്റൊരു അവസരത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെന്നും മമിത പറഞ്ഞു. പുതിയ തീയതി മമിതയുടെ ടീമുമായും വേദിയുമായും ധാരണയായതിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രേമലു, ജനനായകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മമിത ബൈജുവിന്റെ ഓസ്‌ട്രേലിയൻ സന്ദർശനം പ്രതീക്ഷിച്ചിരുന്ന മലയാളി സമൂഹത്തിന് പരിപാടി മാറ്റിവച്ചത് നിരാശയായിരിക്കുകയാണ്.

SCROLL FOR NEXT