സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രായമോ സ്ഥലമോ സാഹചര്യങ്ങളോ തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഓസ്‌ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഇന്ദു എം. സുകുമാരൻ. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്ത 'ഡെസ്‌വെലർ' (DesVelar) എന്ന ഷോർട്ട് ഫിലിം ഇതിനോടകം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ ഈ ഷോർട്ട് ഫിലിം, വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലായി ഇതുവരെ 22-ഓളം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്വീഡൻ ഫിലിം അവാർഡിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌കാരം, കൂകൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത ചലച്ചിത്ര പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം, ഓസ്‌ട്രേലിയയിലും യുകെയിലുമായി സംയുക്തമായി നടത്തിയ കളർ ടേപ്പ് ഫെസ്റ്റിവലിൽ മികച്ച ഓസ്‌ട്രേലിയൻ ഷോർട്ട് ഫിലിം, ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് ഷോർട്ട് ഫിലിം എന്നീ അംഗീകാരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ചെറുപ്പം മുതലേ സിനിമയോട് താൽപ്പര്യമുണ്ടായിരുന്നെങ്കിലും പ്രവാസജീവിതത്തിനിടയിൽ ആ മേഖലയിലേക്ക് ഇറങ്ങാൻ ആദ്യം മടിയായിരുന്നു. തുടർന്ന് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ വെച്ച് പ്രശസ്ത സംവിധായകൻ വൈശാഖിന്റെ നേതൃത്വത്തിൽ നടന്ന ഫിലിം വർക്ക്‌ഷോപ്പിൽ പങ്കെടുത്തതോടെയാണ് സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം ഇന്ദുവിന് ലഭിച്ചത്. ആദ്യം മറ്റൊരു സുഹൃത്തുമായി ചേർന്ന് ചെയ്യാൻ തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ സുഹൃത്ത് പിന്മാറിയതോടെ സംവിധാനത്തിന്റെ പൂർണ്ണ ചുമതല ഇന്ദു ഏറ്റെടുക്കുകയായിരുന്നു. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പ്രധാന കഥാപാത്രങ്ങളാക്കി ഗോൾഡ് കോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. സീറോ ബഡ്ജറ്റിൽ തുടങ്ങി പിന്നീട് സുഹൃത്തുക്കളുടെയും ബിസിനസുകാരുടെയും സഹകരണത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒപ്പമാളുകൾ ഇല്ലാതിരുന്നതും എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നതും വലിയ വെല്ലുവിളിയായിരുന്നുവെങ്കിലും മികച്ചൊരു ടീം വർക്കിലൂടെ ചിത്രം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി ഇന്ദു പറയുന്നു.
ജോമോൻ, സഞ്ജയ് മൂത്തേടൻ, ശ്രീജിത്ത് നായർ, ജയലക്ഷ്മി പണിക്കർ, സജി പഴയാറ്റിൽ, ഷീല ഷാജി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിവേക് പ്രഭാകർ സംഗീതവും കൈലാഷ് എസ് ഭവൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പ്രേക്ഷകരിലേക്ക് എത്തും. ജർമ്മൻ, ഇംഗ്ലീഷ് ഭാഷകളിൽ ഒടിടി റിലീസിനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. പുതിയൊരു ഫീച്ചർ ഫിലിമിന്റെ പണിപ്പുരയിലാണ് ഇന്ദു ഇപ്പോൾ.