മലയാള ഹ്രസ്വചിത്രം ‘DEC-LINE' കാൻ ഫിലിം മാർക്കറ്റിൽ പ്രദർശിപ്പിച്ചു. ജിബി ജേക്കബ് കഥയെഴുതി തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന്റെ നിർമാണം എൽസ ജേക്കബാണ്. ബീ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിധോയ് പോൾ, സ്മിത സിബി, ഭാമ നായർ, ബിനു ജോസഫ്, വിനോദ് മാത്യു, ആലിയ ജേക്കബ്, ജിബി ജേക്കബ്, അനുമോദ് പോൾ എന്നിവരാണ്.
കേരളത്തിൽ നിന്ന് സിഡ്നിയിലേക്ക് കുടിയേറി കുടുംബത്തോടൊപ്പം ജീവിതം കെട്ടിപ്പടുത്ത ലൂയിസിന്റെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിൽ ഏലക്കായ കയറ്റുമതി ബിസിനസ് നടത്തുന്ന വിജയകരമായ സംരംഭകനായ ലൂയിസിന് അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകുന്നതോടെ ജീവിതം മാറിമറിയുന്നു. ഓർമകൾ മങ്ങിത്തുടങ്ങുമ്പോൾ അദ്ദേഹം പഴയകാലത്തിലേക്ക് മടങ്ങുകയും കേരളത്തിലെ ജീവിതാനുഭവങ്ങളിൽ മുഴുകുകയും ചെയ്യുന്നു.
പഴയ ബിസിനസ് പങ്കാളിയായ ജോസിനെ തേടിയുള്ള യാത്രയ്ക്കിടെ ലൂയിസ് സിഡ്നിയിലെ പ്രകൃതിദൃശ്യങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ കേരളത്തിലെ കട്ടപ്പനയെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. ലൂയിസിന്റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ തിരിച്ചറിയുന്ന ഒരാൾ പൊലീസിനെ വിവരമറിയിക്കുന്നതോടെ കുടുംബാംഗങ്ങളായ മകൾ എലിസബത്തും സഹോദരൻ സെബാനും അദ്ദേഹത്തെ വീട്ടിലെത്തിക്കാൻ യാത്ര തിരിക്കുന്നു. വീൽചെയറിനെ ആശ്രയിക്കുന്ന എലിസബത്ത് സ്വതന്ത്രചിന്താഗതിയുള്ള സ്ത്രീയാണ്. സെബാനൊപ്പം ലൂയിസിനെ തിരികെ കൊണ്ടുവരാനുള്ള യാത്രയിൽ അദ്ദേഹത്തിന്റെ ആശയക്കുഴപ്പം വർധിക്കുന്നു. പഴയകാല ഓർമകൾ ആവർത്തിച്ച് അനുഭവിക്കുന്ന ലൂയിസ് സെബാനെ തന്റെ പഴയ ഡ്രൈവറായ ലോറൻസായി തെറ്റിദ്ധരിക്കുന്നതും കഥയുടെ ഭാഗമാണ്.
അൽഷിമേഴ്സ് രോഗം വ്യക്തിയിലും കുടുംബത്തിലും സൃഷ്ടിക്കുന്ന നിശ്ശബ്ദമായ ആഘാതവും മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്നതിന്റെ അപകടങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഓർമക്കുറവും ബോധത്തിലെ മാറ്റങ്ങളും കുടുംബബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്കും ചിത്രം ശ്രദ്ധ ക്ഷണിക്കുന്നു.
ചിത്രത്തിന്റെ സംഗീതം ഷെയ്ഖ് ഇല്ലാഹി നിർവഹിക്കുന്നു. സൗണ്ട് എഫക്ട്സും ഫൈനൽ മിക്സും ഷെഫിൻ മായൻ കൈകാര്യം ചെയ്തു. DI (ഡിജിറ്റൽ ഇന്റർമീഡിയറ്റ്) ലിജു പ്രഭാകർ (റാങ്റേസ് മീഡിയ) നിർവഹിച്ചു. സെക്കൻഡ് യൂണിറ്റ് ക്യാമറ: എബി രവീന്ദ്ര. കോൺസെപ്റ്റ്: ബിജു കടവൻ. ആർട്ട്: എ.ജെ. സ്റ്റുഡിയോ. വസ്ത്രാലങ്കാരം: പീറ്റർ ജാക്സൺ. മലയാളം സംഭാഷണങ്ങൾ: ജിബി ജേക്കബ്; ഇംഗ്ലീഷ് സംഭാഷണങ്ങൾ: നേഹ പഴയങ്കോട്ടിൽ; ഹിന്ദി സംഭാഷണങ്ങൾ: അദ്രിജ നായർ.
പബ്ലിസിറ്റി ഡിസൈൻ ലിനോജ് റെഡ്ഡിസൈൻ നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ബിനു ജോസഫാണ്. ടൈറ്റിലിങ്: കുരുവിള അബ്രഹാം. എഡിറ്റിങ് അഡ്വൈസറി ടീമിൽ റെക്സൺ ജോസഫും ഛായാഗ്രഹണ ഉപദേശക സംഘത്തിൽ ജോയ് വെള്ളത്തൂവലും എബി രവീന്ദ്രയും ഉൾപ്പെടുന്നു. തിരക്കഥാ ഉപദേശകരായി ഡോ. വിക്രാന്ത് ശർമ, ഡോ. സണ്ണി മാത്യു, സുബിൻ മാത്യു എന്നിവർ പ്രവർത്തിച്ചു.