Events

2027ൽ പെർത്തും അഡിലെയ്‌ഡും ലാൻവേ ഫെസ്റ്റിവലിൽ നിന്ന് പുറത്തേക്ക്

“അഡിലെയ്‌ഡിലെയും പെർത്തിലെയും സുഹൃത്തുക്കൾക്ക് ഇത് നിരാശാജനകമായിരിക്കുമെന്ന് ഞങ്ങൾക്കറിയാം. 2027ൽ നിങ്ങളുടെ നഗരങ്ങളിൽ നിന്ന് ലാൻവേ ഇടവേള എടുക്കുകയാണ്,” സംഘാടകർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

Safvana Jouhar

ഓസ്‌ട്രേലിയയിലെ പ്രമുഖ ഇൻഡി-പോപ്പ് സംഗീതോത്സവമായ Laneway Festival 2027ലെ പരിപാടികളിൽ പെർത്തിലെയും അഡിലെയ്‌ഡിലെയും ഷോകൾ ഒഴിവാക്കി. അടുത്ത വർഷം ഈ രണ്ട് നഗരങ്ങളിലും ഫെസ്റ്റിവൽ നടത്തുന്നതിൽ നിന്ന് താൽക്കാലികമായി ഇടവേള എടുക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. “ഇത് വിടപറയലല്ല, ഉടൻ വീണ്ടും കാണാം” എന്ന സന്ദേശമാണ് സംഘാടകർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 2009 മുതൽ, കോവിഡ് കാലയളവ് ഒഴികെ, എല്ലാ വർഷവും പെർത്തിയിൽ ലാൻവേ ഫെസ്റ്റിവൽ നടന്നിരുന്നു. അഡിലെയ്‌ഡിൽ 2008 മുതലും ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. “അഡിലെയ്‌ഡിലെയും പെർത്തിലെയും സുഹൃത്തുക്കൾക്ക് ഇത് നിരാശാജനകമായിരിക്കുമെന്ന് ഞങ്ങൾക്കറിയാം. 2027ൽ നിങ്ങളുടെ നഗരങ്ങളിൽ നിന്ന് ലാൻവേ ഇടവേള എടുക്കുകയാണ്,” സംഘാടകർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ലാൻവേ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. സിംഗപ്പൂരിലും ഡെട്രോയിറ്റിലും ഉൾപ്പെടെ വിവിധ നഗരങ്ങളിലും ഫെസ്റ്റിവൽ നടത്തിയിട്ടുണ്ട്. വളരെ കുറച്ച് ദിവസങ്ങളുടെ ഇടവേളയിൽ നിരവധി നഗരങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് വലിയ ലോജിസ്റ്റിക് വെല്ലുവിളിയാണെന്നും സംഘാടകർ പറഞ്ഞു. 2027ലെ ഇടവേള ഫെസ്റ്റിവലിനെ കൂടുതൽ മികച്ചതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഫെസ്റ്റിവൽ വേദികളിൽ ഉൾപ്പെടാത്ത നഗരങ്ങളിൽ കൂടുതൽ കലാകാരന്മാർക്ക് ഹെഡ്‌ലൈൻ ഷോകൾ നടത്താനും സമയം അനുവദിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ക്വീൻസ്‌ലൻഡിലെ ലാൻവേ ഫെസ്റ്റിവൽ 2027ൽ ബ്രിസ്‌ബെയ്‌നിലേക്ക് തിരിച്ചെത്തും. നേരത്തെ ഗോൾഡ് കോസ്റ്റിലേക്ക് മാറ്റിയിരുന്ന പരിപാടിയാണ് വീണ്ടും ബ്രിസ്‌ബെയ്‌നിൽ നടക്കുക.

SCROLL FOR NEXT