സിഡ്നി: സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’ റിലീസിന് മുമ്പേ ഓസ്ട്രേലിയയിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയതായി റിപ്പോർട്ട്. ചിത്രത്തിന്റെ പ്രീ-സെയിൽസ് വരുമാനം അഞ്ച് ലക്ഷം ഓസ്ട്രേലിയൻ ഡോളറിലെത്തിയെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 15ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെയാണ് ഈ നേട്ടം.
ഓസ്ട്രേലിയയിൽ കൂടുതൽ സ്ക്രീനുകളിലും കൂടുതൽ ഷോകളിലും ചിത്രം പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓസ്ട്രേലിയയിലെ തിയറ്റർ പട്ടികയും ടിക്കറ്റ് ബുക്കിങ്ങും പുറത്തുവിട്ടിട്ടുണ്ട്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കലാനിധി മാരന്റെ സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഫിജി എന്നിവിടങ്ങളിലെ വിതരണ ചുമതല വാണ്ടർലസ്റ്റ് ഫിലിംസും ഡ്രീം സ്ക്രീൻ ഇന്റർനാഷണലും ചേർന്നാണ് നിർവഹിക്കുന്നത്. രജനികാന്തിന്റെ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുണർത്തുന്ന ചിത്രത്തിന്റെ റിലീസിനായി ഓസ്ട്രേലിയയിലുടനീളം ആഘോഷപൂർവമായ ഒരുക്കങ്ങളാണ് നടക്കുന്നത്.