മെൽബൺ: ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘ഐം ഗെയിം’ന്റെ ഓസ്‌ട്രേലിയൻ പ്രമോഷന് മെൽബണിൽ തുടക്കമാകുന്നു. ചിത്രത്തിന്റെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് റിലീസിന്റെ ഭാഗമായി ദുൽഖർ സൽമാൻ മെൽബണിലെത്തി ആരാധകരെ കാണും. ഓഗസ്റ്റ് 15ന് രാവിലെ 11 മണിക്ക് ഫെഡ് സ്‌ക്വയറിലാണ് ആരാധക സംഗമം നടക്കുക. ‘ഐം ഗെയിം’ ഓഗസ്റ്റ് 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ്. ഓസ്‌ട്രേലിയയിൽ ചിത്രത്തിന്റെ ലോകവ്യാപക പ്രമോഷൻ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ദുൽഖർ സൽമാന്റെ മെൽബൺ സന്ദർശനം.
ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, കതിർ, കയാദു ലോഹർ, മൈസ്കിൻ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.