മെൽബൺ: തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ അനുഭവപ്പെട്ടിരുന്ന ഊഷ്മളമായ വസന്തകാല കാലാവസ്ഥയ്ക്ക് പെട്ടെന്നുള്ള വിരാമം കുറിച്ച് ശക്തമായ ശീതക്കാറ്റും (Cold Front) താപനിലയിലെ കുത്തനെയുള്ള ഇടിവും. വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, എസിടി, ടാസ്മേനിയ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിധത്തിൽ താപനില ഗണ്യമായി താഴ്ന്നു. ചൊവ്വാഴ്ച മെൽബണിൽ ഉയർന്ന താപനില 14 ഡിഗ്രി സെൽഷ്യസിലും ഹോബാർട്ടിൽ 13 ഡിഗ്രി സെൽഷ്യസിലുമൊതുങ്ങി. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്സ്‌ലാൻഡ് തീരത്തും ടാസ്മേനിയയുടെ പടിഞ്ഞാറൻ തീരത്തും ബ്യൂറോ ഓഫ് മീറ്റിയോറോളജി ശക്തമായ കാറ്റ് മുന്നറിയിപ്പ് (Gale warning) പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ചയോടെ ശീതക്കാറ്റ് ന്യൂ സൗത്ത് വെയിൽസിലേക്കും കാൻബറയിലേക്കും വ്യാപിക്കും. തിങ്കളാഴ്ച 26 ഡിഗ്രി രേഖപ്പെടുത്തിയ സിഡ്‌നിയിൽ ബുധനാഴ്ച പരമാവധി താപനില 18 ഡിഗ്രിയായും കാൻബറയിൽ 13 ഡിഗ്രിയായും കൂപ്പുകുത്തും. വിക്ടോറിയൻ മലനിരകളിലും തെക്കൻ ന്യൂ സൗത്ത് വെയിൽസിലും സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ വരെ നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് വെതർസോൺ (Weatherzone) മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ മാസത്തെ ശരാശരിയിലും താഴേക്ക് പോകുന്ന ഈ കൊടും തണുപ്പ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും വെള്ളിയാഴ്ചയോടെ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.