ഓസ്‌ട്രേലിയ വിട്ട് തങ്ങള്‍ക്കായി മാത്രം കളിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി പ്രതിവർഷം 58.2 കോടി രൂപയോളം (10 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ) വരുന്ന ഓഫറുകൾ ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും വേണ്ടെന്നുവെച്ചെന്ന് സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. അനൗപചാരികമായാണ് ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഇരുവർക്കും ഈ വമ്പൻ വാഗ്ദാനം നൽകിയതെന്നാണ് റിപ്പോർട്ട്.
ഓസ്‌ട്രേലിയൻ ക്യാപ്റ്റനായ പാറ്റ് കമ്മിൻസിനെ കഴിഞ്ഞ മെഗാ താരലേലത്തിനു മുമ്പ് 18 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തിയിരുന്നു. 2024ലെ ലേലത്തിൽ 20.5 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. നിലവിൽ ഓസ്ട്രേലിയൻ താരമെന്ന നിലയിൽ പ്രതിവർഷം 8.74 കോടി രൂപയാണ് കമ്മിൻസിന് ലഭിക്കുന്നത്. സ്റ്റൈപ്പൻഡുകൾ ഉൾപ്പെടെ പ്രതിവർഷം ഏകദേശം 17.48 കോടി രൂപ ഇദ്ദേഹത്തിന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ട്രാവിസ് ഹെഡിനെ 2024ലെ ലേലത്തിൽ 6.8 കോടി രൂപയ്ക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ചതോടെ 2025ൽ അദ്ദേഹത്തിന്റെ പ്രതിഫലം 14 കോടി രൂപയായി ഉയർന്നു.