സിഡ്‌നി: ജൂൺ മാസത്തിന്റെ തുടക്കത്തിൽ സാധാരണയായി കനത്ത മഞ്ഞും തണുപ്പും അനുഭവപ്പെടേണ്ട ഓസ്‌ട്രേലിയയിൽ, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ശീതകാലത്തിന്റെ (Winter) തുടക്കമാണ് നിലവിൽ രേഖപ്പെടുത്തുന്നത്. അന്തരീക്ഷത്തിലുണ്ടായ അസാധാരണമായ ഈർപ്പവും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള ഉഷ്ണക്കാറ്റുമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. സിഡ്‌നി, അഡ്‌ലെയ്ഡ്, മെൽബൺ, ഹോബാർട്ട്, കാൻബറ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം താപനില സാധാരണയേക്കാൾ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുനിൽക്കുകയാണ്. ടാസ്മാൻ കടലിൽ രൂപപ്പെട്ടിരിക്കുന്ന ശക്തമായ ഉയർന്ന വായുസമ്മർദ്ദമാണ് തെക്കൻ ധ്രുവത്തിൽ നിന്നുള്ള തണുത്ത കാറ്റിനെ തടയുന്നതും വടക്കൻ മേഖലയിൽ നിന്നുള്ള ഉഷ്ണക്കാറ്റിനെ രാജ്യത്തേക്ക് തിരിച്ചുവിടുന്നതും. ഈ പ്രതിഭാസം കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും കൂടി തുടരുമെന്നാണ് പ്രവചനം.
ഈ അസാധാരണ ചൂട് വിനോദസഞ്ചാര മേഖലയെയും സ്നോ സീസണെയും (Snow season) സാരമായി ബാധിച്ചിട്ടുണ്ട്. മുൻപ് പെയ്ത മഞ്ഞ് മുഴുവൻ ഉരുകിപ്പോയെന്നും, രാത്രികാലങ്ങളിലെ താപനില ഫ്രീസിങ് പോയിന്റിന് മുകളിൽ നിൽക്കുന്നതിനാൽ കൃത്രിമമായി മഞ്ഞ് ഉണ്ടാക്കുന്ന പ്രക്രിയ പോലും തടസ്സപ്പെട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഈ അസ്ഥിരമായ കാലാവസ്ഥ രാജ്യത്തെ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ ആഴ്ചയോടെ രൂപപ്പെടുന്ന രണ്ട് വൻ മഴമേഘങ്ങൾ (Twin rainbands) ഓസ്‌ട്രേലിയയുടെ തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വരൾച്ച നേരിടുന്ന ക്വീൻസ്‌ലാന്റ് - എൻ.എസ്.ഡബ്ല്യു അതിർത്തി പ്രദേശങ്ങളിലും പ്രധാന കാർഷിക മേഖലയായ വിറ്റ്‌ബെൽറ്റിലും ഇതിനകം തന്നെ ജൂൺ മാസത്തെ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചുകഴിഞ്ഞു.
അടുത്ത എട്ട് ദിവസത്തിനുള്ളിൽ തെക്കൻ ഓസ്‌ട്രേലിയയിൽ 15 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസിയായ 'നോവ' (NOAA) അടുത്തിടെ ആഗോളതലത്തിൽ എൽ നിനോ (El Niño) പ്രതിഭാസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ വരൾച്ചാ സ്വഭാവം ഇതുവരെ ഓസ്‌ട്രേലിയൻ തീരങ്ങളിൽ പ്രകടമായിത്തുടങ്ങിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ ഈ ഉയർന്ന വായുസമ്മർദ്ദം ന്യൂസിലാൻഡിന് മുകളിലേക്ക് നീങ്ങുന്നതോടെ ജൂലൈ മാസം മുതൽ ഓസ്‌ട്രേലിയയിൽ വീണ്ടും വരണ്ട കാലാവസ്ഥയും കടുത്ത തണുപ്പും തിരിച്ചെത്തുമെന്നാണ് ദീർഘകാല കാലാവസ്ഥാ മോഡലുകൾ പ്രവചിക്കുന്നത്.