ലോകാരോഗ്യ സംഘടന (WHO) ഒസെമ്പിക് പോലുള്ള മരുന്നുകളെ ദീർഘകാല അമിതവണ്ണ (obesity) ചികിത്സകൾക്കായി ശുപാർശ ചെയ്യുന്നതായി പുതിയ മാർഗ്ഗനിർദേശങ്ങളിൽ അറിയിച്ചു. ഈ മരുന്നുകൾ കൂടുതൽ സുലഭവും ചെലവുകുറഞ്ഞതുമായ രീതിയിൽ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളും ആരോഗ്യ മേഖലയും നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു.
പൊതു ആരോഗ്യ രംഗത്ത് വേഗത്തിൽ ഉയർന്നുവരുന്ന വെല്ലുവിളി പരിഗണിച്ചാണ് ഗ്ലൂക്കഗോൺ-ലൈക്ക് പെപ്റ്റൈഡ്-1 (GLP-1) അടിസ്ഥാനത്തിലുള്ള ഒസെമ്പിക്, വെഗോവി പോലുള്ള മരുന്നുകളുടെ ഉപയോഗത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണലിൽ (JAMA) പ്രസിദ്ധീകരിച്ച മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച്, അമിതവണ്ണമുള്ള പ്രായപൂർത്തിയായവർക്കായി ദീർഘകാല GLP-1 ചികിത്സകൾ ശാരീരിക പ്രവര്‍ത്തനം, ഭക്ഷണക്രമം, കൗൺസിലിംഗ് എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കണമെന്ന് ശുപാർശ ചെയ്യുന്നു.
GLP-1 മരുന്നുകൾ ശരീരത്തിലെ പ്രകൃതിദത്ത ഹോർമോണുകളുടെ പ്രവർത്തനം അനുകരിച്ച് ദഹനം മന്ദഗതിയാക്കുകയും ദീർഘനേരം തൃപ്തി നൽകുകയും ചെയ്യുന്നതിലൂടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആദ്യം ടൈപ്പ് 2 പ്രമേഹത്തിന് വേണ്ടി വികസിപ്പിച്ച ഇവ ഇപ്പോൾ അമിതവണ്ണ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലോകത്ത് ഒരു ബില്യൺ ആളുകളെയെങ്കിലും ബാധിക്കുന്ന അമിതവണ്ണം ക്രോണിക് രോഗങ്ങൾക്കും പെട്ടെന്നുള്ള മരണങ്ങൾക്കും പ്രധാന കാരണമായിത്തന്നെ തുടരുന്നു. കഴിഞ്ഞ വർഷം മാത്രം 3.7 മില്യൺ മരണങ്ങൾ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളാൽ സംഭവിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഓസ്ട്രേലിയയിൽ GLP-1 മരുന്നുകൾ പ്രമേഹത്തിനും ഭാരം നിയന്ത്രിക്കാനും അംഗീകരിച്ചിട്ടുണ്ടെങ്കിലും, PBS യിൽ സബ്‌സിഡി ലഭിക്കുന്നത് ഇപ്പോൾ ടൈപ്പ് 2 പ്രമേഹത്തിന് മാത്രം. അതിനാൽ പലർക്കും ഒരു മാസത്തിൽ 700 ഓസ്‌ട്രേലിയൻ ഡോളറിലേറെ നൽകേണ്ട സാഹചര്യമുണ്ട്.