പെർത്ത്: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരുടെ വ്യാജ പ്രചാരണങ്ങളും ഡ്രോൺ വീഡിയോകളും കണ്ട് യാഥാർത്ഥ്യമറിയാതെ എത്തുന്ന വിനോദസഞ്ചാരികളുടെ അനാവശ്യ പരാതികളിൽ വീർപ്പുമുട്ടി വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഗ്രാമീണ വിനോദസഞ്ചാര മേഖല. നഗരങ്ങളിലെ ആഡംബര സൗകര്യങ്ങൾ ഔട്ട്‌ബാക്ക് (Outback) മേഖലകളിലെ വിദൂര ക്യാമ്പുകളിലും റോഡ്‌ഹൗസുകളിലും ലഭിക്കണമെന്ന് വാശിപിടിക്കുന്ന സഞ്ചാരികൾ ജീവനക്കാരുമായി നിരന്തരം തർക്കത്തിലേർപ്പെടുന്നതായി പ്രാദേശിക ടൂറിസം ഓപ്പറേറ്റർമാർ വ്യക്തമാക്കുന്നു. കടൽത്തിരമാലകളുടെ ശബ്ദം കൂടുതലാണെന്ന് പറഞ്ഞ് പണം തിരികെ ചോദിച്ചതുൾപ്പെടെയുള്ള വിചിത്രമായ അനുഭവങ്ങളാണ് ഉടമകൾ പങ്കുവെക്കുന്നത്.
വിദൂര ഗ്രാമങ്ങളിലെ കാലാവസ്ഥ, കുറഞ്ഞ മൊബൈൽ നെറ്റ്‌വർക്ക്, അടിസ്ഥാന ക്യാമ്പിംഗ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ യാത്ര തിരിക്കുന്നതാണ് പലരെയും പ്രകോപിപ്പിക്കുന്നത്. എഐ ജനറേറ്റ് ചെയ്തതും കൃത്യതയില്ലാത്തതുമായ സോഷ്യൽ മീഡിയ യാത്രാ നിർദ്ദേശങ്ങൾ വിശ്വസിക്കുന്ന സഞ്ചാരികൾ പ്രാദേശിക നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്നും, ഇത് റോഡ് സുരക്ഷയെയും ആതിഥേയരെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കിംബർലി മേഖലയിലെ ടൂറിസം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഔട്ട്‌ബാക്ക് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ കൃത്യമായ വിവരങ്ങൾക്കായി പ്രാദേശിക ടൂറിസം ഓഫീസുകളെയോ സ്ഥാപനങ്ങളെയോ നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.