പെർത്ത്: ഓസ്‌ട്രേലിയയിലെ വിദൂര ഗ്രാമീണ മേഖലകളിൽ പടരുന്ന അത്യപൂർവ്വമായ ഡിഫ്തീരിയ രോഗബാധയെ പ്രതിരോധിക്കാൻ കേവലം വാക്സിനേഷൻ മാത്രം മതിയവില്ലെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വിഭാഗം. നിലവിൽ രാജ്യത്തുടനീളം 220-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 85 എണ്ണവും വെസ്റ്റേൺ ഓസ്‌ട്രേലിയയിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കിംബർലി (Kimberley) മേഖലയിലാണ്. പിൽബര, ഗോൾഡ്ഫീൽഡ്സ് ഉൾപ്പെടെയുള്ള വിദൂര മേഖലകളിൽ പൂർണ്ണമായ മെഡിക്കൽ കവറേജ് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഫെഡറൽ ഭരണകൂടത്തിന്റെ സഹായം തേടുമെന്ന് ഡിസീസ് കൺട്രോൾ ഡയറക്ടർ പോൾ ആംസ്ട്രോങ് (Paul Armstrong) വ്യക്തമാക്കി.
കിംബർലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 90 ശതമാനത്തിലധികം ഉയർന്ന വാക്സിനേഷൻ നിരക്ക് നിലവിലുണ്ടായിട്ടും രോഗബാധയുണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. നിലവിലെ വാക്സിനുകൾ രോഗം പടരുന്നത് തടയുന്നതിനേക്കാൾ, രോഗബാധയുണ്ടായാൽ അത് മാരകമായ അവസ്ഥയിലേക്ക് (Severe Disease) പോകാതിരിക്കാനാണ് സഹായിക്കുന്നത്. രോഗസാധ്യത കൂടുതലുള്ള പതിനെട്ടായിരത്തോളം വരുന്ന അബോറിജിനൽ തദ്ദേശീയ ജനവിഭാഗങ്ങളെ സംരക്ഷിക്കാൻ വലിയൊരു ദൗത്യം തന്നെ ആവശ്യമാണ്. ഇതിനായി ആദ്യഘട്ടത്തിൽ സൗജന്യ വാക്സിനുകൾ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പ്രാദേശിക അബോറിജിനൽ ഹെൽത്ത് കൗൺസിലുകളുമായി ചേർന്ന് പ്രത്യേക മെഡിക്കൽ സംഘങ്ങൾ രൂപീകരിച്ച് ഉൾനാടൻ ഗ്രാമങ്ങളിൽ നേരിട്ടെത്തി വാക്സിൻ നൽകാനാണ് പദ്ധതി.
പതിറ്റാണ്ടുകൾക്ക് മുൻപ് അപ്രത്യക്ഷമായ ഈ രോഗത്തെക്കുറിച്ച് ഇപ്പോഴത്തെ യുവ ഡോക്ടർമാർക്കോ നഴ്സുമാർക്കോ വലിയ പരിചയമില്ലാത്തത് ചികിത്സാരംഗത്ത് പുതിയ വെല്ലുവിളി ഉയർത്തുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. സാധാരണയായി കണ്ടുവരുന്ന തൊണ്ടവേദനയോ ചർമ്മത്തിലെ അണുബാധയോ (Skin Infection) പോലെയാണ് ഡിഫ്തീരിയയും തുടക്കത്തിൽ പ്രകടമാകുന്നത്. പല ക്ലിനിക്കുകളിലും കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുന്നതും, ഓസ്ട്രിയ രാജ്യത്തിന്റെ അത്രയും വലിപ്പമുള്ള കിംബർലി മേഖലയിലെ നാൽപ്പതോളം ഉൾനാടൻ ഗോത്രവർഗ്ഗ കമ്മ്യൂണിറ്റികളിലേക്ക് ദിവസേനയുള്ള കൃത്യമായ യാത്രാ-ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. രോഗവ്യാപനം കുറയ്ക്കുന്നതിനായി കോൺടാക്റ്റ് ട്രേസിംഗും വാക്സിൻ വിതരണവും ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയതായി ഡബ്ല്യു.എ (WA) ആരോഗ്യ മന്ത്രി മെറെഡിത്ത് ഹാമ്മറ്റ് (Meredith Hammat) അറിയിച്ചു.