പശ്ചിമ ഓസ്‌ട്രേലിയയിലെ ജനസംഖ്യ 2043-ഓടെ 40 ലക്ഷത്തിൽ എത്തുമെന്ന് പുതിയ റിപ്പോർട്ട്. ബാങ്ക് വെസ്റ്റ് കർട്ടിൻ ഇക്കണോമിക്സ് സെന്റർ (BCEC) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. എന്നാൽ, ജനസംഖ്യാ വർദ്ധനവിന് അനുസൃതമായി വീടുകൾ നിർമ്മിക്കാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിനെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ പ്രതിവർഷം 24,000 മുതൽ 25,000 വരെ പുതിയ വീടുകൾ ആവശ്യമാണെങ്കിലും, കഴിഞ്ഞ വർഷം വെറും 22,000 വീടുകൾ മാത്രമാണ് നിർമ്മിക്കാനായത്. കുടിയേറ്റക്കാരല്ല, മറിച്ച് ആവശ്യത്തിന് വീടുകൾ നിർമ്മിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് പ്രൊഫസർ അലൻ ഡങ്കൻ പറഞ്ഞു. ഖനന മേഖലയിലെ നിക്ഷേപവും ഇരുമ്പയിര് വിലയും വർദ്ധിക്കുന്നത് കുടിയേറ്റം കൂടാൻ കാരണമാകുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കായി ക്വീൻസ്‌ലൻഡുമായി പശ്ചിമ ഓസ്‌ട്രേലിയ കടുത്ത മത്സരത്തിലാണ്. 2032-ലെ ബ്രിസ്ബേൻ ഒളിമ്പിക്സിനോടനുബന്ധിച്ച് നിർമ്മാണ മേഖലയിലെ തൊഴിലാളികൾ ക്വീൻസ്‌ലൻഡിലേക്ക് മാറാൻ സാധ്യതയുള്ളത് പശ്ചിമ ഓസ്‌ട്രേലിയക്ക് വെല്ലുവിളിയാകും. നിലവിൽ സംസ്ഥാനത്തെ 80 ശതമാനത്തിലധികം ആളുകളും പെർത്ത് നഗരത്തിലാണ് താമസിക്കുന്നത്.