ABC News: Steve Johns
Western Australia

ജലക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക; കരാര ഇരുമ്പയിര് ഖനിയുടെ പരിസ്ഥിതി അനുമതി നിർത്തിവെക്കാൻ ആവശ്യം

ഷൈർ ഓഫ് പെരഞ്ചോറിയിൽ സ്ഥിതി ചെയ്യുന്ന കരാര മൈനിങ് ലിമിറ്റഡിന്റെ ഖനന പ്രവർത്തനങ്ങൾ പ്രാദേശിക ജലസ്രോതസ്സുകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ

Elizabath Joseph

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇരുമ്പയിര് ഖനിയുടെ പ്രവർത്തന കാലാവധി 15 വർഷത്തേക്ക് കൂടി നീട്ടാനുള്ള നീക്കത്തിനെതിരെ പ്രാദേശിക ഭരണകൂടങ്ങൾ രംഗത്ത്. പെർത്തിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ വടക്കുകിഴക്കായി ഷൈർ ഓഫ് പെരഞ്ചോറിയിൽ സ്ഥിതി ചെയ്യുന്ന കരാര മൈനിങ് ലിമിറ്റഡിന്റെ ഖനന പ്രവർത്തനങ്ങൾ പ്രാദേശിക ജലസ്രോതസ്സുകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ. ഖനിയുടെ കാലാവധി 2048 വരെ നീട്ടുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക മൂല്യനിർണ്ണയം താൽക്കാലികമായി നിർത്തിവെക്കാൻ അയൽപ്രദേശമായ മിൻഗെന്യൂ ഷൈർ , എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ അതോറിറ്റിയോട് (EPA) ആവശ്യപ്പെട്ടു. ജലസുരക്ഷയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുന്നതുവരെ വിലയിരുത്തലുകൾ നടത്തരുതെന്നാണ് ഇവരുടെ ആവശ്യം.

കരാര മൈനിങ് കമ്പനി 2011-ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ ഈ പ്രദേശത്ത് വലിയ രീതിയിലുള്ള ജല തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രാദേശിക ജനവിഭാഗങ്ങൾ കുടിവെള്ളത്തിനായി പൂർണ്ണമായും ആശ്രയിക്കുന്ന 'പാർമേലിയ അക്വിഫർ' എന്ന ഭൂഗർഭ ജലസ്രോതസ്സിലെ 92 ശതമാനം വെള്ളവും ഉപയോഗിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചതാണ് തർക്കങ്ങൾക്ക് കാരണം. മിൻഗെന്യൂ മേഖലയിലെ ഈ സ്രോതസ്സിൽ ലഭ്യമായ 5.4 ഗിഗാലീറ്റർ വെള്ളത്തിൽ 5 ഗിഗാലീറ്ററും ഉപയോഗിക്കാനുള്ള ലൈസൻസ് നിലവിൽ കരാര കമ്പനിക്കാണ് ഉള്ളത്. ഈ പ്രദേശത്ത് കുടിക്കാൻ യോഗ്യമായ ഏക ഭൂഗർഭ ജലസ്രോതസ്സ് ഇതാണെന്നും, ഇത്രയും വലിയ അളവിൽ ഖനനത്തിനായി വെള്ളം വിട്ടുനൽകുന്നത് ജനങ്ങളുടെ ജലസുരക്ഷയെ ബാധിക്കുമെന്നും മിൻഗെന്യൂ ഷൈർ പ്രസിഡന്റ് ഹെല്ലെൻ മക്റ്റാഗാർട്ട് പറഞ്ഞു.

ചെറുകിട നഗരങ്ങൾ ഭീഷണിയിൽ;

മേഖലയിലെ ചെറുകിട നഗരങ്ങളിലെയും ഫാമുകളിലെയും ജലലഭ്യതയെ മൈനിങ് കമ്പനികളുടെ അമിത ജലവിനിയോഗം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സമീപപ്രദേശമായ മൊറാവ ഷൈർ പ്രസിഡന്റ് കാരെൻ ചാപ്പൽ വ്യക്തമാക്കി. വ്യാവസായിക വളർച്ചയെ സ്വാഗതം ചെയ്യുമ്പോഴും ജലം ഒരു പരിമിത വിഭവമാണെന്ന കാര്യം മറക്കരുതെന്ന് അവർ ഓർമ്മിപ്പിച്ചു. വാട്ടർ ലൈസൻസിങ് നടപടികൾ പരിസ്ഥിതി മന്ത്രാലയത്തിന്റെ (EPA) മൂല്യനിർണ്ണയവുമായി ബന്ധിപ്പിക്കണമെന്നാണ് കൗൺസിലുകളുടെ ആവശ്യം. അതേസമയം, ജലവിഭവങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാട്ടർ ലൈസൻസുകൾ കൃത്യമായി പുനഃപരിശോധിക്കുമെന്നും, രണ്ട് വകുപ്പുകളും ജലവിനിയോഗത്തിന്റെ ആഘാതങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് വാട്ടർ ആൻഡ് എൻവയോൺമെന്റൽ റെഗുലേഷൻ (DWER) വക്താവ് അറിയിച്ചു.

SCROLL FOR NEXT