പെർത്ത്: പ്രശസ്ത അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ (NASA) ഇന്റേൺഷിപ്പ് നേടുന്ന വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥിനിയായി ചരിത്രം കുറിച്ച് അലക്‌സാൻഡ്രിയ ഒബ്രിയൻ (Alaxandrea O'Brien). യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ (UWA) എൻവയോൺമെന്റൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ് ഈ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്രൊഫഷണൽ.
മൊണാഷ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രശസ്തമായ 'നാഷണൽ ഇൻഡിജിനസ് സ്‌പേസ് അക്കാദമി' (NISA) പ്രോഗ്രാമിലൂടെയാണ് അലക്‌സാൻഡ്രിയ നാസ ഇന്റേൺഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ (JPL) നടക്കുന്ന 10 ആഴ്ചത്തെ ദൗത്യത്തിൽ പ്രമുഖ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കാനുള്ള അപൂർവ്വ അവസരമാണ് ലഭിച്ചിരിക്കുന്നത്. കിംബർലിയിലും ഗോൾഡ് ഫീൽഡ്സിലുമായി വളർന്ന അലക്‌സാൻഡ്രിയ, ചെറുപ്പം മുതൽ ലഭിച്ച പാരമ്പര്യ അറിവുകളും ആധുനിക സയൻസും സംയോജിപ്പിച്ച് ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ മാനവരാശിക്ക് പ്രയോജനകരമായ കണ്ടെത്തലുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ (STEM) ഗോത്രവർഗ്ഗ വനിതകളുടെ പ്രാതിനിധ്യം കുറവാണെന്നിരിക്കെ, സ്വന്തം നേട്ടത്തിലൂടെ പുതിയ തലമുറയ്ക്ക് മികച്ചൊരു മാതൃകയാകാനും അലക്‌സാൻഡ്രിയ ആഗ്രഹിക്കുന്നു.