ചുഴലിക്കാറ്റ് darktez/ Unsplash
Western Australia

നരേൽ ചുഴലിക്കാറ്റ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ; ഗാസ്കോയിൻ മേഖലയിൽ അതീവ ജാഗ്രത

നിലവിൽ ജെറാൾഡ്ടണിന് ഏകദേശം 185 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

Elizabath Joseph

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഗാസ്കോയിൻ മേഖലയിൽ നരേൽ ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി 2 ആയി തുടരുന്നു. ശക്തി അല്പം കുറഞ്ഞെങ്കിലും ഗാസ്കോയിൻ ജംഗ്ഷൻ മുതൽ ഡാൽവാലിനു വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ബ്യൂറോ ഓഫ് മെറ്റീരിയോളജി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ജെറാൾഡ്ടണിന് ഏകദേശം 185 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

മണിക്കൂറിൽ 111 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും 157 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഈ മേഖലയിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് തെക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നതിനാൽ കാർനാർവോൺ , ഡെൻഹാം , ജെറാൾഡ്ടൺ തുടങ്ങിയ തീരദേശ നഗരങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും കനത്ത ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും തീരങ്ങളിൽ വലിയ തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്വീൻസ്‌ലൻഡിലും നോർത്തേൺ ടെറിട്ടറിയിലും നാശം വിതച്ച ശേഷമാണ് നരേൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റിന്റെ ശക്തി ഇനിയും കുറയാൻ സാധ്യതയുണ്ടെങ്കിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ സേന അറിയിച്ചു.

SCROLL FOR NEXT