(Dusty Bun/ Facebook)
Western Australia

പ്രവർത്തനം അവസാനിപ്പിച്ച് 'ഡസ്റ്റി ബൺസ്'

ബസ്സൽട്ടണിലെ (Busselton) ഒറിജിൻസ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഈ ജനപ്രിയ സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനം ഏറെ വേദനാജനകമാണെന്ന് ഉടമകൾ പറഞ്ഞു.

Safvana Jouhar

വൻ ജനപ്രീതിയുള്ള പശ്ചിമ ഓസ്‌ട്രേലിയൻ (WA) ബേക്കറിയായ 'ഡസ്റ്റി ബൺസ്' (Dusty Buns) പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു. ഉൽപ്പാദനച്ചെലവിലെ വർദ്ധനവ്, ജീവനക്കാരുടെ ക്ഷാമം, കടുത്ത ജോലിഭാരം തുടങ്ങിയ പ്രതിസന്ധികളെത്തുടർന്നാണ് ക്രിസ്മസ് രാവിൽ ബേക്കറി പൂട്ടുവാൻ ഉടമകളായ ജോയൽ, മെൽ ബെൻബോ ദമ്പതികൾ തീരുമാനിച്ചത്. ബസ്സൽട്ടണിലെ (Busselton) ഒറിജിൻസ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഈ ജനപ്രിയ സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനം ഏറെ വേദനാജനകമാണെന്ന് ഉടമകൾ പറഞ്ഞു. ആഴ്ചയിൽ 100 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നത് വ്യക്തിപരമായ ആരോഗ്യത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിച്ചുവെന്ന് മൂന്ന് പതിറ്റാണ്ടിലേറെ ബാക്കിംഗ് മേഖലയിൽ പരിചയസമ്പത്തുള്ള ജോയൽ ബെൻബോ വ്യക്തമാക്കി. 2004-ലെ പ്രശസ്തമായ 'എൽ.എ ജഡ്ജ് അവാർഡ്' ജേതാവ് കൂടിയായ ജോയലിന്റെ ബേക്കറിക്ക്, മർഗരറ്റ് റിവർ മേഖലയിലെ മികച്ച ബേക്കറിക്കുള്ള 2026-ലെ 'ഓസ്‌ട്രേലിയൻ ഗുഡ് ഫുഡ് ഗൈഡ്' അവാർഡും ലഭിച്ചിരുന്നു. വൻ വിജയകരമായി മുന്നോട്ടുപോയിട്ടും ചെലവുകളും വരുമാനവും തമ്മിൽ ഒത്തുപോകാത്ത സാഹചര്യത്തിലാണ് സ്ഥാപനം പൂട്ടാൻ ദമ്പതികൾ നിർബന്ധിതരായത്. ബേക്കറി പൂട്ടിപ്പോകുന്നതിൽ നൂറുകണക്കിന് പ്രാദേശിക ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ വിഷമം രേഖപ്പെടുത്തി.

SCROLL FOR NEXT