ആശുപത്രിയിൽ കഴിയുന്ന 12കാരിയുടെ സ്വകാര്യത മാനിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. (9 News)
Western Australia

പെർത്തിൽ അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ 16കാരൻ അറസ്റ്റിൽ; സഹോദരിയെ കുത്തിക്കൊലപ്പെടുത്താനും ശ്രമം

കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരിയെ ആദ്യം സ്ഥലത്ത് വെച്ച് പാരാമെഡിക്കുകൾ ചികിത്സിച്ചു. പിന്നീട് പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.

Safvana Jouhar

പെർത്തിലെ ബെന്റ്ലിയിൽ അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും ഇളയ സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ 16 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 6.15ഓടെയാണ് ബെന്റ്ലിയിലെ വീട്ടിൽ പൊലീസ് എത്തി, 35 വയസ്സുള്ള യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡിറ്റക്ടീവ് ആക്ടിങ് ഇൻസ്പെക്ടർ ജെസിക്ക സെക്യൂറോ

സംഭവത്തിന് 15 മിനിറ്റിൽ താഴെ മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിൽ, നൈറ്റ് ഡ്രസ് ധരിച്ച നിലയിൽ ഒരു പെൺകുട്ടി ആൽബനി ഹൈവേയിലൂടെ ഓടുന്നതായി കാണാം. ഏകദേശം 600 മീറ്റർ ഓടി കാനിങ്ടണിലെത്തിയ പെൺകുട്ടി ട്രിപ്പിൾ സീറോയിൽ വിളിച്ച് സഹായം തേടി. പൊലീസ് എത്തുന്നതിന് മുമ്പ് പ്രദേശവാസികൾ പെൺകുട്ടിയെ സഹായിച്ചതായി ഡിറ്റക്ടീവ് ആക്ടിങ് ഇൻസ്പെക്ടർ ജെസിക്ക സെക്യൂറോ പറഞ്ഞു. കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരിയെ ആദ്യം സ്ഥലത്ത് വെച്ച് പാരാമെഡിക്കുകൾ ചികിത്സിച്ചു. പിന്നീട് പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തിൽ 16 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് നേരത്തെ പൊലീസുമായി ബന്ധമുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ 16കാരനെതിരെ കൊലപാതകം, നിയമവിരുദ്ധമായി കൊലപ്പെടുത്താൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഇയാൾ ഇന്ന് പെർത്ത് ചിൽഡ്രൻസ് കോടതിയിൽ ഹാജരാകും. സംഭവം കുടുംബാതിക്രമവുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. വീട്ടിൽ പൊലീസ് ക്രൈം സീൻ പ്രഖ്യാപിച്ച് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സംഭവം കുടുംബത്തെയും പ്രദേശവാസികളെയും ഏറെ ഞെട്ടിച്ചിട്ടുണ്ടെന്നും, ആശുപത്രിയിൽ കഴിയുന്ന 12കാരിയുടെ സ്വകാര്യത മാനിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

SCROLL FOR NEXT