പെർത്ത്: ലോകമെമ്പാടും കോടിക്കണക്കിന് പക്ഷികളുടെയും സീലുകൾ ഉൾപ്പെടെയുള്ള സസ്തനികളുടെയും കൂട്ടമരണത്തിന് കാരണമായ അതിമാരകമായ 'എച്ച്5 ബേർഡ് ഫ്ലൂ' വൈറസ് ഓസ്‌ട്രേലിയൻ വൻകരയിലും എത്തിയതായി സംശയം. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്കിലെ ഒറ്റപ്പെട്ട തീരത്തുനിന്നും കണ്ടെത്തിയ 'ബ്രൗൺ സ്കുവ' എന്ന ദേശാടനപ്പക്ഷിയിലാണ് രോഗബാധ സംശയിക്കുന്നത്. നിലവിൽ സി.എസ്.ഐ.ആർ.ഒ ലബോറട്ടറിയിൽ നടക്കുന്ന അന്തിമ പരിശോധനയിൽ ഇത് എച്ച്5 സ്ട്രെയിൻ ആണെന്ന് സ്ഥിരീകരിച്ചാൽ, ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഈ മാരക വൈറസ് വ്യാപിച്ചു എന്ന ഔദ്യോഗിക സ്ഥിരീകരണമാകും ഇത്.
അന്റാർട്ടിക് മേഖലയിൽ നിന്നും പറന്നെത്തിയ ഈ പക്ഷി കഴിഞ്ഞ ഞായറാഴ്ചയാണ് രോഗം ബാധിച്ച് അവശ നിലയിൽ കണ്ടെത്തുകയും അന്നുരാത്രി തന്നെ ചാവുകയും ചെയ്തത്. പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ഫെഡറൽ കൃഷി മന്ത്രി ജൂലി കോളിൻസും വെസ്റ്റേൺ ഓസ്‌ട്രേലിയൻ കൃഷി മന്ത്രി ജാക്കി ജാർവിസും അറിയിച്ചു. ഇതേ പ്രദേശത്തുനിന്നും രോഗം ബാധിച്ച നിലയിൽ കണ്ടെത്തിയ 'ജയന്റ് പെട്രൽ' എന്ന മറ്റൊരു കടൽപക്ഷിയെയും ഇപ്പോൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ പോൾട്രി ഫാമുകളിലോ മറ്റ് വളർത്തുപക്ഷികളിലോ രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി.
വനജീവികൾക്ക് കനത്ത ഭീഷണിയെന്ന് മുന്നറിയിപ്പ്:
അതിവേഗം പടരുന്ന ഈ എച്ച്5 സ്ട്രെയിൻ ഓസ്‌ട്രേലിയയിലെ തദ്ദേശീയ പക്ഷികൾക്കും കടൽ സസ്തനികൾക്കും വൻ ഭീഷണിയാകുമെന്ന് ഇൻവേസീവ് സ്പീഷീസ് കൗൺസിൽ ഡയറക്ടർ ഡോ. കാരൾ ബൂത്ത് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓസ്‌ട്രേലിയയുടെ അധീനതയിലുള്ള ഹേർഡ് ഐലൻഡിൽ ഈ പക്ഷിപ്പനി പടർന്നുപിടിച്ചതിനെത്തുടർന്ന് ആകെയുള്ള 17,364 കുട്ടി സീലുകളിൽ 13,359 എണ്ണവും ചത്തൊടുങ്ങിയിരുന്നു. അർജന്റീനയിലും അന്റാർട്ടിക്കയിലും പതിനായിരക്കണക്കിന് പെൻഗ്വിനുകളുടെയും കടൽ സിംഹങ്ങളുടെയും ജീവനാണ് ഈ വൈറസ് എടുത്തത്.
രോഗം സ്ഥിരീകരിച്ചാൽ രാജ്യത്തെ കോഴി വളർത്തൽ മേഖലയെയും കർഷകരെയും സംരക്ഷിക്കാൻ ശക്തമായ ദേശീയ പ്രതിരോധം ഏർപ്പെടുത്തുമെന്ന് നാഷണൽ ഫാർമേഴ്‌സ് ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ഗ്വെറിൻ പറഞ്ഞു. പൊതുജനങ്ങൾ ആരും തന്നെ ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യരുതെന്നും, കൂട്ടത്തോടെ പക്ഷികൾ ചത്തുകിടക്കുന്നത് കണ്ടാൽ സുരക്ഷിതമായ അകലത്തിൽ നിന്നും ചിത്രങ്ങൾ പകർത്തി സർക്കാരിന്റെ birdflu.gov.au എന്ന വെബ്‌സൈറ്റിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.