(Photograph: Aaron Bunch/AAP)
Western Australia

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 13.8 ലക്ഷം പേരുടെ മുഖം സ്കാൻ ചെയ്തു; 122 പേർ അറസ്റ്റിൽ

അറസ്റ്റുകൾക്ക് പുറമെ, രജിസ്റ്റർ ചെയ്ത 146 ലൈംഗിക കുറ്റവാളികളുമായി പൊലീസ് ഇടപെടുകയും ക്ഷേമപരിശോധനയ്ക്കായി 10 പേരെ കണ്ടെത്തുകയും ചെയ്തു.

Safvana Jouhar

ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ തത്സമയ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന്റെ ഭാഗമായി 13.8 ലക്ഷത്തിലധികം പേരുടെ മുഖം സ്കാൻ ചെയ്തു. അഞ്ചുമാസം നീണ്ട പരീക്ഷണത്തിനിടെ ലഭിച്ച മുന്നറിയിപ്പുകളെ തുടർന്ന് 122 പേരെ അറസ്റ്റ് ചെയ്തതായും ഒൻപത് തെറ്റായ തിരിച്ചറിയലുകൾ ഉണ്ടായതായും പൊലീസ് അറിയിച്ചു. ശനിയാഴ്ച അവസാനിച്ച പരീക്ഷണ കാലയളവിൽ 43 നഗര-ഗ്രാമ മേഖലകളിലായി 100 തവണ സാങ്കേതികവിദ്യ വിന്യസിച്ചു. ആകെ 13,80,882 മുഖങ്ങളാണ് സ്കാൻ ചെയ്തത്. അറസ്റ്റുകൾക്ക് പുറമെ, രജിസ്റ്റർ ചെയ്ത 146 ലൈംഗിക കുറ്റവാളികളുമായി പൊലീസ് ഇടപെടുകയും ക്ഷേമപരിശോധനയ്ക്കായി 10 പേരെ കണ്ടെത്തുകയും ചെയ്തു.

പെർത്ത് റോയൽ ഷോയിൽ മാത്രം മൂന്ന് തവണ നടത്തിയ പരിശോധനയിൽ 2,23,749 പേരുടെ മുഖം സ്കാൻ ചെയ്തു. ഇതിലൂടെ 15 മുന്നറിയിപ്പുകൾ ലഭിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രജിസ്റ്റർ ചെയ്ത ഏഴ് ലൈംഗിക കുറ്റവാളികളുമായി പൊലീസ് ഇടപെടുകയും ചെയ്തു. ആകെ സ്കാനിങ്ങിൽ ഒൻപത് തെറ്റായ മുന്നറിയിപ്പുകളാണ് സാങ്കേതികവിദ്യ നൽകിയത്. ഇത് 0.00065 ശതമാനം പിഴവാണെന്ന് പൊലീസ് വ്യക്തമാക്കി. തെറ്റായ മുന്നറിയിപ്പുകൾ ലഭിച്ചവരെയെല്ലാം ഉദ്യോഗസ്ഥർ സമീപിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയ പൊലീസ് കമ്മീഷണർ കോൾ ബ്ലാഞ്ച് പറഞ്ഞു. സാങ്കേതികവിദ്യ പൂർണമായും കൃത്യതയുള്ളതല്ലെന്ന് അധികൃതർ അംഗീകരിച്ചു. പരീക്ഷണം ആരംഭിക്കുമ്പോൾ തന്നെ ഇക്കാര്യം അറിയാമായിരുന്നുവെന്നും സംശയാസ്പദമായ ഒരാളെക്കുറിച്ച് പൊതുജനങ്ങൾ വിവരം നൽകിയാൽ പൊലീസ് സ്വീകരിക്കുന്ന അതേ രീതിയിലാണ് മുന്നറിയിപ്പുകളിലും തുടർനടപടി സ്വീകരിച്ചതെന്നും ബ്ലാഞ്ച് വ്യക്തമാക്കി.

എന്നാൽ പിഴവുകളുടെ നിരക്ക് പൊലീസ് അവതരിപ്പിച്ച രീതിയെ പൗരാവകാശ പ്രവർത്തകർ വിമർശിച്ചു. 0.00065 ശതമാനം എന്ന കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിവിൽ ലിബർട്ടീസ് ഓസ്‌ട്രേലിയ മേധാവി ബിൽ റൗളിങ്‌സ് പറഞ്ഞു. അറസ്റ്റിലായ 122 പേരിൽ എത്രപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം തെറ്റായ തിരിച്ചറിയലിന്റെ നിരക്ക് വിലയിരുത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അറസ്റ്റിലായവരിൽ പകുതിപ്പേർ കുറ്റവിമുക്തരായാൽ തെറ്റായ തിരിച്ചറിയൽ നിരക്ക് 50 ശതമാനമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പരീക്ഷണം പ്രഖ്യാപിച്ച സമയത്തുതന്നെ സംസ്ഥാനത്തെ സ്വതന്ത്ര സ്വകാര്യതാ നിരീക്ഷണ സംവിധാനമായ ഓഫീസ് ഓഫ് ദി ഇൻഫർമേഷൻ കമ്മീഷണർ (OIC WA) ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷണം നടപ്പാക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇത്തരം നിരീക്ഷണം സമൂഹത്തിന്റെ സ്വകാര്യതയെ വ്യാപകമായി ബാധിക്കാമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസ് വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതോ വാഹനങ്ങൾക്ക് സമീപം ഒരുക്കിയിട്ടുള്ളതോ ആയ ക്യാമറകളാണ് പൊതുസ്ഥലങ്ങളിൽ മുഖങ്ങൾ സ്കാൻ ചെയ്തത്. പൊലീസ് ഡാറ്റാബേസിൽനിന്ന് തയ്യാറാക്കിയ മുന്നറിയിപ്പ് പട്ടികയുമായി മുഖങ്ങൾ താരതമ്യം ചെയ്തു. പട്ടികയിൽ ഉൾപ്പെടാത്തവരുടെ ചിത്രങ്ങൾ തത്സമയം പിക്സലേറ്റ് ചെയ്ത് ഉടൻ നീക്കം ചെയ്തതായും സൂക്ഷിച്ചുവെച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സ്വകാര്യതാ ലംഘനത്തിനും അൽഗോരിതത്തിലെ പക്ഷപാതത്തിനുമെതിരെ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. പൊലീസ് നിരീക്ഷണപ്പട്ടികയിൽ കൂടുതൽ ഉൾപ്പെട്ടിട്ടുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഈ സാങ്കേതികവിദ്യ അനുപാതാതീതമായി ബാധിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇരുണ്ട ചർമനിറമുള്ളവരെ തിരിച്ചറിയുന്നതിൽ മുഖം തിരിച്ചറിയൽ സംവിധാനങ്ങൾക്ക് ചരിത്രപരമായി കൂടുതൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണത്തിനു ശേഷം നിരീക്ഷണ വാനുകൾ പൊതുസ്ഥലങ്ങളിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ പ്രവർത്തനക്ഷമത, സമൂഹത്തിലുണ്ടാക്കിയ സ്വാധീനം, സുരക്ഷാ മുൻകരുതലുകൾ, നിബന്ധനകൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് ആഭ്യന്തരമായി വിലയിരുത്തിവരികയാണ്.

SCROLL FOR NEXT