വെസ്റ്റേൺ ഓസ്ട്രേലിയയിലെ പിൽബറയിൽ അഞ്ചാംപനി അഥവാ മീസിൽസ് പടരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ചൊവ്വാഴ്ചയാണ് ഇവിടെ ഏഴാമത്തെ കേസ് സ്ഥിരീകരിച്ചത്. ഹെഡ്ലാൻഡ് ആരോഗ്യ അധികൃതർ പൊതു ആരോഗ്യ അലേർട്ടിലേക്ക് രണ്ട് അധിക തീയതികൾ ചേർത്തതിനെ തുടർന്ന് ഹെൽത്ത് കാമ്പസ് ഇപ്പോഴും എക്സ്പോഷർ സൈറ്റായി തുടരുകയാണ്.
വായുവിലൂടെ പകരുന്ന പകർച്ചവ്യാധിയായതിനാൽ അത്യന്തം ശ്രദ്ധയും കരുതലും ഇതിനാവശ്യമാണ്. രോഗബാധിതൻ മുറി വിട്ടതിനുശേഷം പോലും 30 മിനിറ്റ് വരെ ഈ വൈറസ് നിലനിൽക്കും. രോഗത്തിന്റെ ആരംഭ ലക്ഷണങ്ങളിൽ പനി, ക്ഷീണം, കണ്ണ് വേദന, ചുമ, മൂക്കൊലിപ്പ് എന്നിവ ഉൾപ്പെടുന്നു. സാധാരണയായി മൂന്ന് മുതൽ നാല് ദിവസങ്ങൾക്ക് ശേഷം മുഖത്ത് വരുന്ന ചുവന്ന തടിപ്പാണ് പ്രധാന ലക്ഷണം. പിന്നീടിത് ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കും.
എക്സ്പോഷർ സൈറ്റുകൾ
ബുധൻ 01/10/2025 രാത്രി 10:40 മുതൽ വ്യാഴം 02/10/2025 പുലർച്ചെ 4:40 വരെ, ഇഡി ഹെഡ്‌ലാൻഡ് ഹെൽത്ത് കാമ്പസ്, കോൾബാച്ച് വേ, സൗത്ത് ഹെഡ്‌ലാൻഡ്
ബുധൻ 1/10/2025, പുലർച്ചെ 12:40 മുതൽ 1:55 വരെ, ഇഡി ഹെഡ്‌ലാൻഡ് ഹെൽത്ത് കാമ്പസ്, കോൾബാച്ച് വേ, സൗത്ത് ഹെഡ്‌ലാൻഡ്
ചൊവ്വാഴ്ച 30/09/2025, രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ, സൗത്ത് ഹെഡ്‌ലാൻഡ് ഷോപ്പിംഗ് സെന്റർ (മഫിൻ ബ്രേക്കും കോൾസും ഉൾപ്പെടെ) കോൾബാച്ച് വേ & റേസൺ സിടി, സൗത്ത് ഹെഡ്‌ലാൻഡ്
ഈ സഥലങ്ങൾ സന്ദർശിച്ചവർക്ക്, രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുവോ എന്ന് 7 മുതൽ 18 ദിവസത്തിനുള്ളിൽ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 10-ാം ദിവസത്തിലാണ് ശരിയായ ലക്ഷണങ്ങൾ കാണുന്നത്. മീസിൽസ് ബാധിച്ചവർക്ക് അവരുടെ ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മുതൽ രാഷ് പ്രത്യക്ഷപ്പെടുന്നതിന് നാല് ദിവസം കഴിഞ്ഞുവരെയും രോഗം മറ്റുള്ളവർക്കു പകരാൻ കഴിയും.
ഈ വർഷം വെസ്റ്റേൺ ഓസ്ട്രേലിയയിലെ കേസുകളുടെ എണ്ണം 46 ആയി ഉയർന്നതോടെ, എല്ലാവരും അവരുടെ വാക്‌സിനേഷൻ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ പറഞ്ഞു. 1965-നുശേഷം ജനിച്ചവരും രണ്ട് ഡോസുകൾ മീസിൽസ് വാക്‌സിൻ എടുത്തിട്ടില്ലാത്തവരും രോഗബാധയ്ക്കു കൂടുതൽ സാധ്യതയുള്ളവരാണ്. നാഷണൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന് കീഴിൽ കുട്ടികൾക്ക് സാധാരണയായി 12 മാസം പ്രായത്തിൽ ആദ്യ ഡോസ് നൽകുന്നു. എന്നാൽ വിദേശയാത്രയ്ക്ക് പോകുന്ന ആറുമാസം പ്രായമുള്ള ശിശുക്കൾക്കും മീസിൽസ്, മംപ്സ്, റൂബല്ല (MMR) വാക്‌സിൻ നൽകാം. യാത്രയ്ക്കുമുമ്പ് പ്രാരംഭ ഡോസ് ലഭിച്ചാലും, കുട്ടികൾക്ക് 12 മാസം, 18 മാസം പ്രായത്തിൽ നിശ്ചിത ഡോസുകൾ എടുക്കാൻ ശുപാർശ ചെയ്യുന്നു.