പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പുതുതായി നിർമ്മിക്കുന്ന വിമൻ ആൻഡ് ബേബീസ് ഹോസ്പിറ്റലിന്റെ (Women and Babies Hospital) ലൊക്കേഷനുമായി ബന്ധപ്പെട്ട് സർക്കാരും ഡോക്ടർമാരുടെ സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള നവജാതശിശുക്കളെ എത്തിക്കേണ്ട പെർത്ത് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ (PCH) നിന്ന് 20 കിലോമീറ്ററോളം അകലെയുള്ള മർഡോക്കിലെ ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിന് സമീപമാണ് പുതിയ ആശുപത്രി പണിയുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ 20 കിലോമീറ്റർ ദൂരം ആംബുലൻസിൽ കൊണ്ടുപോകുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുമെന്നും, തെറ്റായ തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി.
നെഡ്‌ലാൻഡ്‌സിലെ ക്യൂഇ-2 (QEII) കാമ്പസിൽ തന്നെ പുതിയ ആശുപത്രി നിർമ്മിച്ച് സേവനങ്ങൾ ഒരേയിടത്ത് ഏകോപിപ്പിക്കണമെന്നാണ് ഡോക്ടർമാരുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. എന്നാൽ അവിടെ സ്ഥലം തികയാത്തതും നിലവിലെ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതുമാണ് മറ്റൊരു സ്ഥലം തിരഞ്ഞെടുക്കാൻ കാരണമെന്ന് സർക്കാർ വിശദീകരിച്ചു. ആശങ്കകൾ പരിഹരിക്കുന്നതിനായി മർഡോക്കിൽ പ്രത്യേക നവജാതശിശു എമർജൻസി ട്രാൻസ്‌പോർട്ട് സർവീസ് (NETS) താവളം ഒരുക്കുമെന്നും, പിസിഎച്ചിലെ നിയോനാറ്റൽ ഐസിയുവിൽ 19 കിടക്കകൾ അധികമായി സജ്ജീകരിക്കാൻ 95 ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി മെറിഡിത്ത് ഹാമറ്റ് അറിയിച്ചു. എന്നാൽ പ്രതിവർഷം നൂറിലധികം കുഞ്ഞുങ്ങൾക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഈ ദൂരപരിധി ഇപ്പോഴും ജീവന് ഭീഷണിയാണെന്നും മെഡിക്കൽ സംഘടനകൾ മുന്നറിയിപ്പ് നൽകി.