പെർത്തിലെ ഹൈവേയില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടം Image From Video of Main Roads WA/X
Western Australia

പെർത്ത് ഹൈവേകളിൽ വ്യത്യസ്ത 4 അപകടങ്ങൾ; ബദൽ റൂട്ടുകൾ തിര‍ഞ്ഞെടുക്കാൻ നിർദ്ദേശം

ഒന്നിലധികം ഹൈവേകളിൽ അപകടങ്ങളെ തുടർന്ന് ലെയിനുകൾ അടച്ചതിനാൽ, പല റൂട്ടുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു,

Elizabath Joseph

പെർത്ത്: പെർത്തിലെ ഹൈവേകളിലുണ്ടായ വ്യത്യസ്ത അപകടങ്ങൾ കാരണം റോഡിൽ ഗതാഗതക്കുരുക്ക് . രാവിലെ ജോലിക്ക് പോകുന്നവരെയാണ് ഈ കുരുക്ക് ബാധിച്ചത്. ഒന്നിലധികം ഹൈവേകളിൽ അപകടങ്ങളെ തുടർന്ന് ലെയിനുകൾ അടച്ചതിനാൽ, പല റൂട്ടുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.

രാവിലെ ആറരയോടെ ഹോവിയയ്ക്ക് സമീപം ഗ്രേറ്റ് ഈസ്റ്റേൺ ഹൈവേയിൽ ഒരു വാഹനം മറിഞ്ഞതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചു. അപകടത്തിന് പിന്നാലെ ഇൻസിഡന്റ് റെസ്പോൺസ് ടീം ഈ പ്രധാന ഹൈവേയെ ഒരൊറ്റ ലെയിനിലേക്ക് ചുരുക്കുകയും , ഡ്രൈവർമാരോട് ജാഗ്രതയോടെ മുന്നോട്ട് പോകാൻ നിർദ്ദേശം നല്കുകയും ചെയ്തിട്ടുണ്ട്.

റോളി റോഡിന് സമീപം അപകടമുണ്ടായതിനെ തുടർന്ന് ക്വിനാന ഫ്രീവേയുടെ തെക്ക് ഭാഗത്തേക്കും ഗണ്യമായ കാലതാമസം നേരിടുന്നുണ്ട്. രാവിലെ 6.15-ഓടെ എമർജൻസി സർവീസുകൾ സ്ഥലത്തെത്തുകയും വലത് പാത വാഹനയാത്രക്കാർക്കായി അടക്കുകയും ചെയ്തു.

റോ ഹൈവേ ഓഫ്‌റാമ്പിലേക്ക് നീളുന്ന ഫ്രീവേയിൽ വാഹനങ്ങൾ ഇടിച്ചും ഗതാഗതക്കുരുക്ക് ഉണ്ടായതായും പെർത്ത് നൗ റിപ്പോർട്ട് ചെയ്തു.

ടോങ്കിൻ ഹൈവേയിൽ വടക്കോട്ടുള്ള കെവ്ഡേൽ റോഡിന് സമീപവും അപകടം ഉണ്ടായിട്ടുണ്ട്.

എമർജൻസി സർവീസുകൾ സ്ഥലത്തേക്ക് എത്തിയതിനാൽ പ്രധാന പെർത്ത് റോഡിന്റെ ഇടതുവശത്തുള്ള പാത ഒരു മണിക്കൂറിലധികം അടച്ചിട്ടു. ഗതാതഗതം തുടരുന്നുണ്ടെങ്കിലും ഈ പ്രദേശത്ത് ഗതാഗതക്കുരുക്കും കാലതാമസവും തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഫെർൺഡേലിലെ നിക്കോൾസൺ റോഡിൽ രാവിലെ 7.15-ഓടെ നാലാമത്തെ അപകടം റിപ്പോർട്ട് ചെയ്തു, ടോവിംഗ് സർവീസുകൾ ഇടത് പാത അടച്ചു.

സംഭവസ്ഥലത്ത് എമർജൻസി സർവീസുകൾ എത്തിയതിനാൽ മെറ്റ്കാഫ് റോഡിലേക്കുള്ള പ്രവേശനം തടഞ്ഞു.

പ്രസ്തുത റോഡ് അടച്ചതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായതായി മെയിൻ റോഡ്സ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത ഗതാഗതക്കുരുക്ക് കാരണം സാധിക്കുമെങ്കിൽ ബദൽ വഴികൾ തേടാൻ വാഹനയാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

SCROLL FOR NEXT