പെർത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നടന്ന ഒരു സംഘർഷത്തിൽ നിരവധി തവണ കുത്തേറ്റ 16 വയസ്സുള്ള ആൺകുട്ടി ജീവന് വേണ്ടി പോരാടുന്നു. സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ ഇപ്പോഴും ഒളിവിലാണ്.കാനിംഗ് വേൽ റെസ്റ്റോറന്റിലെ കാർ പാർക്കിങ്ങിൽ വെച്ചായിരുന്നു സംഘർഷം. എട്ട് യുവാക്കൾ തമ്മിലായിരുന്നു സംഘർഷം. മുഖത്തും വയറിലും കൈയിലും കുത്തേറ്റതിനെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആൺകുട്ടിയെ റോയൽ പെർത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടർന്നു.
കാർ പാർക്കിൽ സാമൂഹിക വിരുദ്ധരുടെ പെരുമാറ്റം സാധാരണമാണെന്നും, പലപ്പോഴും നിലവിളികളും കേൾക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. അതേസമയം സംഘർഷത്തിനിടെ മറ്റ് കൗമാരക്കാരെ ഇടിക്കുകയും കുരുമുളക് സ്‌പ്രേ ചെയ്യുകയും ചെയ്തതിന് പത്തൊൻപതുക്കാരനെ വെള്ളിയാഴ്ച അർമാഡേൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അയാൾക്ക് ജാമ്യം ലഭിച്ചു. അതേസമയം കുത്തിയയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.