പെർത്തിനെ സംബന്ധിച്ചെടുത്തോളം കാലാവസ്ഥാ മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും വർഷമാണ് 2025. പതിവില്ലാത്ത മഴയും തണുപ്പും പല ദിവസങ്ങളിലും അനുഭവപ്പെട്ടു. ഇപ്പോഴിതാ, മറ്റൊരു നാഴികക്കല്ലുകൂടി നഗരം പിന്നിട്ടിരിക്കുകയാണ്. 18 വർഷത്തിനിടെ ആദ്യമായി തുടർച്ചയായി നാല് മാസം ശരാശരി മഴയുടെ അളവിനേക്കാൾ കൂടുതലാണ് ഇവിടെ ലഭിക്കുന്നത്. ഈ ആഴ്ച, സെപ്റ്റംബറിലെ ശരാശരി മഴയായ 79.3 മില്ലിമീറ്റർ എന്ന അളവും പെർത്ത് പിന്നിട്ടു.
വെള്ളിയാഴ്ച വരെയുള്ള മഴയോടെ ആകെ 95.8 മില്ലിമീറ്റർ ഇവിടെ രേഖപ്പെടുത്തി. 2007ന് ശേഷം ശീതകാല-വസന്തകാല കാലയളവിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നതെന്ന് വെതർസോൺ റിപ്പോർട്ട് ചെയ്തു. 1996ന് ശേഷം ആദ്യമായി ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ ശീതകാല മാസങ്ങളിൽ ഓരോന്നിലും പെർത്ത് ദീർഘകാല ശരാശരി മഴയെ മറികടന്നു. ജൂണിൽ 129.8 മില്ലിമീറ്റർ മഴ ലഭിച്ചു (ശരാശരി 127.2 മില്ലിമീറ്റർ). ജൂലൈയിൽ 174.4 മില്ലിമീറ്റർ മഴ ലഭിച്ചു (ശരാശരി 147.8 മില്ലിമീറ്റർ). ഓഗസ്റ്റിൽ 203.8 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് ശരാശരിയായ 122.7 മില്ലിമീറ്ററിനെ മറികടന്നു.
അതേസമയം, രണ്ട് വർഷങ്ങൾക്ക് മുൻപും സമാനമായ അവസ്ഥ ഉണ്ടായിരുന്നു. 2024-ൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മൊത്തം ശീതകാല മഴ ശരാശരിയെ മറികടന്നെങ്കിലും, ജൂൺ മാത്രം ശരാശരിയിൽ താഴെയായിരുന്നു.