abc news
Western Australia

പെർത്തിലെ ബാറ്ററി റീസൈക്ലിംഗ് പ്ലാന്റിൽ വൻ തീപിടുത്തം; വിഷപ്പുക പടരുന്നു, ജാഗ്രതാ നിർദ്ദേശം

കപ്പൽ വഴി കയറ്റി അയക്കാൻ അടുക്കി വെച്ചിരുന്ന ബാറ്ററികൾക്കിടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

Elizabath Joseph

പെർത്ത്: പെർത്തിന്റെ തെക്കുകിഴക്കൻ സബർബായ മാഡിംഗ്ടണിലെ ലിഥിയം-അയൺ ബാറ്ററി റീസൈക്ലിംഗ് പ്ലാന്റിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാനിർദ്ദേശം (HAZMAT) പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ 'ലി-അയൺ എനർജി' (Li-ion Energy) എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ബാറ്ററി കത്തുമ്പോഴുണ്ടാകുന്ന വിഷപ്പുക ശ്വസിച്ച് പരിക്കേറ്റ ഒരാളെ ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏകദേശം 80 ടണ്ണോളം ലിഥിയം-അയൺ ബാറ്ററികളാണ് പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്നത്. തീപിടുത്തം നിയന്ത്രണാതീതമായതോടെ 50-ഓളം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. അന്തരീക്ഷത്തിൽ വിഷപ്പുക പടരുന്നതിനാൽ പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും എയർ കണ്ടീഷണറുകൾ ഓഫ് ചെയ്യണമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് (DFES) നിർദ്ദേശിച്ചു.

ഏകദേശം 7 മില്യൺ ഡോളറിലധികം (60 കോടിയോളം രൂപ) വിലമതിക്കുന്ന ബാറ്ററികളും കെട്ടിടവും പൂർണ്ണമായും നശിച്ചതായി സ്ഥാപന ഉടമ ജസ്റ്റിൻ മാന്റൺ പറഞ്ഞു. കപ്പൽ വഴി കയറ്റി അയക്കാൻ അടുക്കി വെച്ചിരുന്ന ബാറ്ററികൾക്കിടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെത്തുടർന്ന് അർമഡേൽ (Armadale) ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ആൽബനി ഹൈവേയുടെ ഭാഗങ്ങൾ അടയ്ക്കുകയും ചെയ്തു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്.

SCROLL FOR NEXT