(9News)
Western Australia

പെർത്തിലെ ഹാലോവീൻ പാർട്ടിയിൽ സംഘർഷം; പൊലീസുകാരനെ ആക്രമിച്ചെന്ന് 15-കാരിക്കെതിരെ കേസ്

വെള്ളിയാഴ്ച രാത്രി നടന്ന വീട്ടിലെ പാർട്ടിയാണ് നിയന്ത്രണം വിട്ടത്. അടിപിടിയും മദ്യപിച്ച് ബഹളമുണ്ടാക്കലും റിപ്പോർട്ട് ചെയ്തു.

Safvana Jouhar

പെർത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ഹൈ വൈക്കംബിൽ ഹാലോവീൻ ആഘോഷത്തിനിടെ സംഘർഷം. പൊലീസുകാരനെ ആക്രമിച്ചെന്ന കുറ്റം ഉൾപ്പെടെ 15 വയസ്സുകാരിക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രി നടന്ന വീട്ടിലെ പാർട്ടിയാണ് നിയന്ത്രണം വിട്ടത്. അടിപിടിയും മദ്യപിച്ച് ബഹളമുണ്ടാക്കലും റിപ്പോർട്ട് ചെയ്തു. പാർട്ടി നടത്തിയ കൗമാരക്കാരന്റെ അമ്മയുടെ മുഖത്ത് ക്ഷണിക്കപ്പെടാത്ത അതിഥികളിലൊരാൾ ഇടിച്ചതായും ആരോപണമുണ്ട്. രാത്രി 9.45ഓടെ പ്രദേശത്ത് സംഘർഷമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വേഷവിധാനങ്ങളോടെ എത്തിയ നൂറോളം കൗമാരക്കാരെ പൊലീസ് പാർട്ടിയിൽനിന്ന് പുറത്താക്കി ലീത്ത് പ്ലേസിലേക്ക് മാറ്റി. അവിടെയെത്തിയ പൊലീസിന് അടിപിടിയും മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരുമായാണ് നേരിടേണ്ടിവന്നത്.

പൊലീസ് വേഗത്തിൽ സ്ഥലത്തെത്തി വലിയ ജനക്കൂട്ടത്തെ നിയന്ത്രിച്ച് സമീപപ്രദേശങ്ങളിലേക്ക് പിരിച്ചുവിട്ടതായി അയൽവാസിയായ ആൻഡി കുക്ക് പറഞ്ഞു. പാർട്ടി സംഘടിപ്പിച്ച 17-കാരനായ ട്രിസ്റ്റൻ വിൽസന്റെ അമ്മയെ ക്ഷണിക്കപ്പെടാത്ത ഒരാൾ മുഖത്തടിച്ചതായി അദ്ദേഹം പറഞ്ഞു. നൂറിനും 150-നും ഇടയിൽ ആളുകളെ ക്ഷണിച്ചിരുന്നെന്നും തുടക്കത്തിൽ ആഘോഷം നന്നായി മുന്നോട്ടുപോയിരുന്നെന്നും പിന്നീട് പരിചയമില്ലാത്ത ചിലർ കൂടി എത്തിയതോടെ സ്ഥിതിഗതികൾ കൈവിട്ടുപോയെന്നും വിൽസൺ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ 15-കാരിയും ഉൾപ്പെടുന്നു. ക്രമസമാധാനം ലംഘിച്ചതിനും പൊലീസുകാരനെ ആക്രമിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയ പെൺകുട്ടിക്ക് ശനിയാഴ്ച ജാമ്യം അനുവദിച്ചു. ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അർധരാത്രിക്ക് മുമ്പ് ജനക്കൂട്ടം പിരിഞ്ഞുപോയതായും അധികൃതർ അറിയിച്ചു. സിഡ്‌നിയിലും മെൽബണിലും നടന്ന ഹാലോവീൻ വീട്ടുപാർട്ടികളും വെള്ളിയാഴ്ച രാത്രി സംഘർഷത്തിൽ കലാശിച്ചിരുന്നു.

SCROLL FOR NEXT