പെർത്തിലെ ക്രിസ്മസ് കരോൾ പരിപാടിയിൽ പങ്കെടുത്തയാൾക്ക് മീസിൽസ് Freepik
Western Australia

പെർത്തിലെ ക്രിസ്മസ് കരോൾ പരിപാടിയിൽ പങ്കെടുത്തയാൾക്ക് മീസിൽസ്; ജാഗ്രതാ നിർദേശം

ജ്വരം, ക്ഷീണം, മൂക്കൊലിപ്പ്, ചുമ, കണ്ണുകൾ ചുവന്നു വേദനിക്കുക എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. തുടർന്ന് മൂന്ന് മുതൽ നാല് ദിവസത്തിനകം ചുവന്ന പുള്ളികളോടെയുള്ള ചർമ്മവ്യാധി പ്രത്യക്ഷപ്പെടാം.

Elizabath Joseph

പെർത്തിൽ നടന്ന ഒരു സമൂഹ ക്രിസ്മസ് കരോൾ പരിപാടിയിൽ മീസിൽസ് ബാധിച്ച ഒരാൾ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. രോഗബാധയുള്ള സമയത്താണ് ഇയാൾ പരിപാടിയിൽ പങ്കെടുത്തതെന്ന് അധികൃതർ അറിയിച്ചു.

ഡിസംബർ 9-ന് വൈകിട്ട് ഏകദേശം 5.40-ന് ദുബായിൽനിന്ന് പെർത്തിലെത്തിയ എമിറേറ്റ്സ് ഫ്ലൈറ്റ് EK420-ൽ യാത്രചെയ്തയാളാണ് ഇത്. പിറ്റേദിവസം ഷെന്റൺ പാർക്കിലെ വോയ്സ്‌വർക്സ് കരോൾസ് ഇൻ ദി പാർക്ക് പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തു.

ഡിസംബർ 10 മുതൽ 17 വരെ വൈറ്റ്ഫോർഡ്സ്, ക്ലെയർമോണ്ട്, കറിന്യപ്പ് എന്നിവിടങ്ങളിലെ ഷോപ്പിംഗ് സെന്ററുകളും പ്രധാന റീട്ടെയിൽ കടകളും ഇദ്ദേഹം സന്ദർശിച്ചു.

ഈ വർഷം പശ്ചിമ ഓസ്‌ട്രേലിയയിലെ 58-ാമത്തെ സ്ഥിരീകരിച്ച മീസിൽസ് കേസാണിത്.

വൈറസ് ബാധിച്ചതിനുശേഷം 7 മുതൽ 18 ദിവസംവരെ എടുത്തേ രോഗലക്ഷണങ്ങൾ പ്രകടമാകൂ എന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.

മീസിൽസ് അത്യധികം പകർച്ചവ്യാധിയുള്ളതാണ്. അടുത്തുള്ള ആളുകളിലേക്ക് വായുവിലൂടെയുള്ള തുള്ളികൾ വഴി പടരാം.

രോഗബാധിതൻ ഒരു മുറി വിട്ടുപോയതിന് ശേഷം 30 മിനിറ്റ് വരെ വായുവിലുണ്ടാകുന്ന തുള്ളികൾ മറ്റുള്ളവരെ ബാധിക്കാൻ സാധ്യതയുണ്ട്,

ജ്വരം, ക്ഷീണം, മൂക്കൊലിപ്പ്, ചുമ, കണ്ണുകൾ ചുവന്നു വേദനിക്കുക എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. തുടർന്ന് മൂന്ന് മുതൽ നാല് ദിവസത്തിനകം ചുവന്ന പുള്ളികളോടെയുള്ള ചർമ്മവ്യാധി പ്രത്യക്ഷപ്പെടാം.

സാധാരണയായി ഇത് മുഖത്ത് തുടങ്ങുകയും പിന്നീട് ശരീരത്തിലേക്ക് പടരുകയും ചെയ്യും. ചർമ്മവ്യാധി നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കാം,” വക്താവ് സൂചിപ്പിച്ചു.

ആ സമയങ്ങളിൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഉടൻ മെഡിക്കൽ സഹായം തേടുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

SCROLL FOR NEXT