മിഡിൽ ഈസ്റ്റിലെ സംഘർഷവും ആഗോള ഇന്ധന വിതരണ പ്രതിസന്ധിയും പശ്ചാത്തലമാക്കി ഓസ്ട്രേലിയയിൽ 1960-കൾക്കുശേഷം ആദ്യമായി പുതിയ എണ്ണ ശുദ്ധീകരണശാല (ഓയിൽ റിഫൈനറി) സ്ഥാപിക്കാനുള്ള നീക്കവുമായി ഫെഡറൽ സർക്കാർ രംഗത്ത്. ഇതിന്റെ ആദ്യഘട്ടമായി വെസ്റ്റേൺ ഓസ്ട്രേലിയയിലെ കരാത്തയിൽ (Karratha) വലിയ തോതിലുള്ള റിഫൈനറി സ്ഥാപിക്കുന്നതിനുള്ള പ്രീ-ഫീസിബിലിറ്റി പഠനത്തിന് 40 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (AUD 4 million) അനുവദിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസും വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ റോജർ കുക്കും പ്രഖ്യാപിക്കുന്നതാണ്.
അതേസമയം, പഠനം എപ്പോൾ പൂർത്തിയാകുമെന്നോ റിഫൈനറിയുടെ ആകെ നിർമാണച്ചെലവ് എത്രയാകുമെന്നോ പദ്ധതി യാഥാർഥ്യമാകുകയാണെങ്കിൽ എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നോ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഓസ്ട്രേലിയയുടെ ദ്രവ ഇന്ധന ആവശ്യത്തിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ക്രൂഡ് ഓയിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയ ഉപയോഗയോഗ്യമായ ഇന്ധനങ്ങളാക്കി മാറ്റുന്നതാണ് റിഫൈനറികളുടെ പ്രധാന ദൗത്യം. ഈ വർഷം ഏപ്രിലിൽ ജീലോങ്ങ് റിഫൈനറിയിലുണ്ടായ വലിയ തീപിടിത്തവും അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും രാജ്യത്തിന്റെ ഇന്ധന സുരക്ഷ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.
പദ്ധതി യാഥാർഥ്യമായാൽ, ജീലോങ്ങും ബ്രിസ്‌ബേനുമുള്ള നിലവിലെ രണ്ട് റിഫൈനറികൾക്ക് പുറമെ രാജ്യത്തെ മൂന്നാമത്തെ പ്രവർത്തനക്ഷമമായ എണ്ണ ശുദ്ധീകരണശാലയായിരിക്കും ഇത്. ഇന്ത്യയിൽ തുടക്കം കുറിച്ച് പിന്നീട് വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആസ്ഥാനം സ്ഥാപിച്ച ബഹുരാഷ്ട്ര കമ്പനിയായ പെർഡമാൻ (Perdaman) ആണ് റിഫൈനറി നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക. മിഡിൽ ഈസ്റ്റിലെ യുദ്ധം ദീർഘിക്കുന്നതോടെ അതിന്റെ ആഘാതം ഓസ്ട്രേലിയയിലും വർധിക്കുമെന്നും, രാജ്യത്തെ അതിൽ നിന്ന് സംരക്ഷിക്കാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ഊർജസുരക്ഷ ഉറപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. വെസ്റ്റേൺ ഓസ്ട്രേലിയയുടെ സ്വന്തം ഇന്ധന ഉൽപ്പാദന-വിതരണ ശേഷി പുനർനിർമിക്കാനുള്ള പെർഡമാന്റെ പദ്ധതിക്ക് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുന്നുവെന്ന് പ്രീമിയർ റോജർ കുക്ക് വ്യക്തമാക്കി. പ്രാദേശിക മേഖലകളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ ഡീസൽ വിതരണ സുരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പുതിയ എണ്ണ റിഫൈനറികളേക്കാൾ ഗതാഗത മേഖല അതിവേഗം വൈദ്യുതീകരിക്കുന്നതിനും ജൈവ ഇന്ധന (ബയോഫ്യൂവൽ) ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഊർജ-കാലാവസ്ഥാ വിദഗ്ധൻ ടോണി വുഡ്, റിഫൈനറി പ്രവർത്തിപ്പിക്കാൻ ആവശ്യമായ ക്രൂഡ് ഓയിൽ എവിടെ നിന്നാണ് ലഭ്യമാക്കുകയെന്ന ചോദ്യവും ഉയർത്തി. സൺഷൈൻ കോസ്റ്റ് സർവകലാശാലയിലെ പ്രൊഫസർ മാർക്ക് ബ്രൗൺ പറയുന്നതനുസരിച്ച്, വർഷത്തിൽ നാല് മുതൽ അഞ്ച് ലക്ഷം ലിറ്റർ വരെ ബയോഫ്യൂവൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഓസ്ട്രേലിയക്കുണ്ടെങ്കിലും നിലവിൽ അതിന്റെ 30 ശതമാനം ശേഷി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്.