പെർത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ നെഡ്‌ലാൻഡ്സിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യ പ്രവൃത്തി നടത്തിയെന്നാരോപിച്ച് 34 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് മെഗലോങ് സ്ട്രീറ്റിലെ വീട്ടിൽ ഇയാൾ കയറിയതെന്ന് പൊലീസ് അറിയിച്ചു. കറുത്ത തൊപ്പി മാത്രമണിഞ്ഞ് നഗ്നനായി വീട്ടിൽ പ്രവേശിച്ച ഇയാൾ വീട്ടിനുള്ളിൽ അസഭ്യ പ്രവൃത്തി നടത്തിയ ശേഷം കാൽനടയായി രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ മൂന്ന് യുവതികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ നഴ്‌സിംഗ് വിദ്യാർത്ഥിനികളാണെന്നും, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതുവരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല. സംഭവസ്ഥലത്ത് മണിക്കൂറുകളോളം ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഇത്തരം ഒരു സംഭവം പ്രദേശത്ത് മുമ്പ് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. സുരക്ഷിതമാണെന്ന വിശ്വാസത്തിൽ പലരും വീടുകളുടെ വാതിലുകൾ പോലും പൂട്ടാതെ വയ്ക്കാറുണ്ടായിരുന്നുവെന്നും, ഈ സംഭവം വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമുള്ളവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.