പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ എത്തിയ വാഹനം ഇടിച്ച് മലയാളി യുവതി കൊല്ലപ്പെട്ടു. കോട്ടയം സ്വദേശിയായ ആൻമേരി ജോയി (30) ആണ് ടോങ്കിൻ ഹൈവേയിലുണ്ടായ (Tonkin Highway) ദാരുണമായ അപകടത്തിൽ മരിച്ചത്. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട ഹൈലക്സ് പിക്കപ്പ് വാനിലേക്ക് പോലീസ് പിന്തുടർന്ന കാർ വന്നിടിച്ചത്. ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഡ്രൈവിംഗ് വിലക്ക് നേരിട്ടിരുന്ന ക്രിസ്റ്റ്യൻ ജോൺ ബാർണറ്റ് ബാരൺ (38) എന്ന പ്രതിയാണ് അപകടമുണ്ടാക്കിയത്. പോലീസ് സിഗ്നൽ നൽകിയിട്ടും വാഹനം നിർത്താതെ ചുവപ്പ് സിഗ്നൽ മറികടന്ന് അതിവേഗത്തിൽ ഓടിച്ചുപോകുന്നതിനിടെയാണ് അപകടം നടന്നത്.
പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ഞായറാഴ്ച ഫോൺ കോളിലൂടെ പെർത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻമേരിയുടെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടു വയസ്സുള്ള മകൾ സുരക്ഷിതയായിരിക്കുന്നു. ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കാനുമായി സുഹൃത്തുക്കളും പ്രാദേശിക മലയാളി കൂട്ടായ്മയും ചേർന്ന് ഓൺലൈൻ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.