വീടുകളുടെ വിലയില‍് വെല്ലുവിളിയായി പാർക്കിങ് Paddy Pohlod/ Unsplash
Western Australia

ലോട്ടറിയിലൂടെ ലഭിച്ച ആഡംബര വീട് വിറ്റു; ഇന്ത്യൻ ദമ്പതികൾക്ക് 5 മില്യൺ ഡോളറിന്റെ ബമ്പർ ലാഭം

അഞ്ച് വർഷം മുൻപ് മാത്രം ഓസ്‌ട്രേലിയയിൽ എത്തിയ ഈ കുടുംബത്തിന് വൻ സാമ്പത്തിക ഭദ്രതയാണ് ഈ വിജയം നൽകിയിരിക്കുന്നത്

Elizabath Joseph

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിൽ താമസിക്കുന്ന മലയാളി ദമ്പതികൾക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ മെയ് മാസത്തിൽ എംഎസ്ഡബ്ല്യുഎ ലോട്ടറിയിലൂടെ ലഭിച്ച ആഡംബര വീട് വിറ്റതിലൂടെ സഞ്ജുവിനും സ്വീറ്റിക്കും ലഭിച്ചത് 5 മില്യൺ ഡോളറിലധികം വരുന്ന തുകയാണ്. മാമിയൻ ബീച്ചിന് അഭിമുഖമായുള്ള ഈ വീടിന് സമ്മാനം ലഭിക്കുമ്പോൾ 4.25 മില്യൺ ഡോളറായിരുന്നു മൂല്യം. എന്നാൽ കഴിഞ്ഞ മാസം ഈ വീട് 4.899 മില്യൺ ഡോളറിന് വിൽക്കാൻ ഇവർക്ക് സാധിച്ചു.

ലോട്ടറി അടിച്ചപ്പോൾ ലഭിച്ച ഒരു ലക്ഷം ഡോളർ കൂടി ചേർത്താൽ ഇവരുടെ ആകെ ലാഭം 5 മില്യൺ ഡോളർ കടക്കും. 2019-ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സഞ്ജു ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2020 മുതൽ താൻ പതിവായി ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേഴ്‌സ് എഡ്യൂക്കേറ്ററായ സ്വീറ്റിക്ക് ആദ്യം ഈ വാർത്ത വിശ്വസിക്കാൻ പോലുമായില്ല. ഒരു തമാശയാകുമെന്ന് കരുതിയ ഇവർ പിന്നീട് ഓൺലൈൻ വഴി ഫലം നേരിട്ട് പരിശോധിച്ച ശേഷമാണ് വിജയം ഉറപ്പിച്ചത്.

കടൽക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന നാല് ബെഡ്‌റൂമുകളും സ്വിമ്മിംഗ് പൂളും ലിഫ്റ്റും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയതായിരുന്നു ഈ ആഡംബര വീട്. അഞ്ച് വർഷം മുൻപ് മാത്രം ഓസ്‌ട്രേലിയയിൽ എത്തിയ ഈ കുടുംബത്തിന് വൻ സാമ്പത്തിക ഭദ്രതയാണ് ഈ വിജയം നൽകിയിരിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ എടുത്ത ടിക്കറ്റിലൂടെ ഇത്രയും വലിയൊരു ഭാഗ്യം വന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.

SCROLL FOR NEXT