ഓസ്ട്രേലിയയിൽ ആദ്യമായി സ്ഥിരീകരിച്ച H5N1 പക്ഷിപ്പനി (Bird Flu) ദിവസങ്ങൾക്കകം മറ്റൊരു സംസ്ഥാനത്തേക്കും വ്യാപിച്ചതോടെ ആരോഗ്യ-കാർഷിക മേഖലകളിൽ ആശങ്ക ശക്തമായി. ഫെഡറൽ കൃഷിമന്ത്രി Julie Collins ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ദക്ഷിണ ഓസ്ട്രേലിയയിലെ Knights Beach-ൽ കണ്ടെത്തിയ ഒരു ദേശാടന പക്ഷിയായ പെട്രലിന് H5N1 വൈറസ് സ്ഥിരീകരിച്ചതായി അറിയിച്ചു. “ഇത് ആശങ്കാജനകമാണെങ്കിലും, ലോകമെമ്പാടും H5N1 വ്യാപിച്ച സാഹചര്യത്തിൽ മറ്റ് ദേശാടന പക്ഷികളിലൂടെ വൈറസ് ഓസ്ട്രേലിയയുടെ വിവിധ തീരപ്രദേശങ്ങളിലെത്തുന്നത് അപ്രതീക്ഷിതമല്ല,” മന്ത്രി പറഞ്ഞു. രോഗബാധിത പക്ഷി പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് എത്തിയതല്ലെന്നും, ഓസ്ട്രേലിയയ്ക്ക് പുറത്തുനിന്ന് നേരിട്ട് സംസ്ഥാനത്തേക്ക് കുടിയേറിയ പക്ഷിയാണെന്നുമാണ് ദക്ഷിണ ഓസ്ട്രേലിയ പ്രീമിയർ Peter Malinauskas വ്യക്തമാക്കിയത്.
അതേസമയം, പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ മൂന്നാമത്തെ സംശയാസ്പദ H5N1 കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കൃഷിമന്ത്രി Jackie Jarvis പറയുന്നത്നു അനുസരിച്ച്, സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ Quindalup-ൽ ഒരു കടൽപ്പക്ഷിയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച Esperance പ്രദേശത്ത് കണ്ടെത്തിയ രണ്ട് ചത്ത പക്ഷികളിൽ H5N1 സ്ഥിരീകരിച്ചിരുന്നു. ഇവയിൽ ആദ്യ രോഗബാധിത പക്ഷിയായ Brown Skua, ഉപ-അന്റാർട്ടിക് മേഖലയിലെ Heard and McDonald Islands പ്രദേശത്തുനിന്നാണ് എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതേസമയം രോഗബാധിതമായോ ചത്ത നിലയിലോ കാണപ്പെടുന്ന പക്ഷികളെ തൊടരുതെന്നും, അവയെ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, സാധാരണ രീതിയിൽ പാകം ചെയ്ത കോഴിമാംസവും മുട്ടയും കഴിക്കുന്നത് സുരക്ഷിതമാണെന്നും സർക്കാർ ആവർത്തിച്ചു.
ഇതുവരെ ഓസ്ട്രേലിയയിലെ കോഴി ഫാമുകളിലോ കാർഷിക ഉൽപാദന മേഖലയിലോ രോഗം വ്യാപിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പടിഞ്ഞാറൻ ഓസ്ട്രേലിയയിലും ദക്ഷിണ ഓസ്ട്രേലിയയിലുമായി പരിശോധനയ്ക്ക് വിധേയമാക്കിയ മറ്റ് 10 പക്ഷികളിൽ രോഗബാധ കണ്ടെത്തിയിട്ടില്ല. രോഗവ്യാപന ആശങ്കയെ തുടർന്ന് Inghams Group എന്ന രാജ്യത്തെ ഏറ്റവും വലിയ കോഴി ഉൽപാദക കമ്പനി പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ എല്ലാ ഫാമുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫാമുകളിലേക്കും പ്രോസസ്സിംഗ് കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.
പപ്പുവ ന്യൂ ഗിനിയ ഇറക്കുമതി താൽക്കാലികമായി നിർത്തി
രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ Papua New Guinea ഓസ്ട്രേലിയയിൽ നിന്നുള്ള കോഴി, മുട്ട ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ ചില നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ജൂലി കോളിൻസ് അറിയിച്ചു.