ഓസ്‌ട്രേലിയൻ മെയിൻലാൻഡിൽ ആദ്യമായി അപകടകാരിയായ H5N1 പക്ഷിപ്പനി (Bird Flu) സ്ഥിരീകരിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്കിൽ അസുഖബാധിതനായി കണ്ടെത്തിയ ഒരു ബ്രൗൺ സ്കുവ (Brown Skua) പക്ഷി H5N1 വൈറസ് ബാധ മൂലമാണ് ചത്തതെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. സമീപത്ത് കണ്ടെത്തിയ മറ്റൊരു ജയന്റ് പെട്രലിനും വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ പരിശോധന തുടരുകയാണ്.
ലോകമെമ്പാടും ലക്ഷക്കണക്കിന് പക്ഷികളെയും ചില സസ്തനികളെയും ബാധിച്ച ഈ വൈറസ് ഓസ്‌ട്രേലിയയിലെത്തിയത് കുടിയേറ്റ പക്ഷികളിലൂടെയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ കോഴിവളർത്തൽ മേഖലയിൽ രോഗബാധയോ വലിയ തോതിലുള്ള വന്യജീവി മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി ആന്തണി ആൽബനീസ് സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് പറഞ്ഞെങ്കിലും, വൈറസ് വ്യാപനം തടയുന്നതിനും തയ്യാറെടുപ്പുകൾക്കുമായി സർക്കാർ 113 മില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. രാജ്യവ്യാപക നിരീക്ഷണവും നിയന്ത്രണ നടപടികളും ശക്തമാക്കിയിട്ടുണ്ട്. അസുഖബാധിതമായതോ ചത്തതോ ആയ പക്ഷികളെയോ വന്യജീവികളെയോ കണ്ടാൽ അവയെ സ്പർശിക്കാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. മനുഷ്യരിലേക്കുള്ള രോഗവ്യാപന സാധ്യത നിലവിൽ വളരെ കുറവാണെന്നും അധികൃതർ അറിയിച്ചു.