ഞായറാഴ്ചയാണ് മോണ്ട്ഗോമറും 18കാരനായ കൊച്ചുമകൻ ടോം മാൽകവും പൂർത്തിയാക്കിയത്.  (Credit: Michael Small /MND NSW)
Western Australia

5300 കിലോമീറ്റർ ചാരിറ്റി സൈക്കിൾ യാത്ര പൂർത്തിയാക്കിയതിന് പിന്നാലെ 82കാരന് ദാരുണാന്ത്യം

79കാരിയായ ഭാര്യ ജെന്നിക്കൊപ്പം ആഘോഷപരിപാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോണ്ട്ഗോമർക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെടുകയും തുടർന്ന് കാർ അപകടത്തിൽപ്പെടുകയുമായിരുന്നു.

Safvana Jouhar

ഓസ്‌ട്രേലിയയിലുടനീളം 5300 കിലോമീറ്റർ ദൈർഘ്യമുള്ള ചാരിറ്റി സൈക്കിൾ യാത്ര പൂർത്തിയാക്കി ഒരു ദിവസത്തിന് പിന്നാലെ 82കാരനായ ബോബ് മോണ്ട്ഗോമറിക്ക് ദാരുണാന്ത്യം. മോട്ടോർ ന്യൂറോൺ ഡിസീസ് (MND) ബാധിതർക്കായി ധനസമാഹരണവും ബോധവത്കരണവും ലക്ഷ്യമിട്ട് നടത്തിയ "Miles for MND: One Last Ride" എന്ന ആറാഴ്ച നീണ്ട യാത്ര ഞായറാഴ്ചയാണ് മോണ്ട്ഗോമറും 18കാരനായ കൊച്ചുമകൻ ടോം മാൽകവും പൂർത്തിയാക്കിയത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബ്രൂമിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലെ ബൗറലിലേക്കായിരുന്നു ഇരുവരുടെയും സൈക്കിൾ യാത്ര.

MND ബാധിച്ച് മരിച്ച തന്റെ ബന്ധുവിന്റെ സ്മരണയ്ക്കായാണ് മോണ്ട്ഗോമർ യാത്ര സംഘടിപ്പിച്ചത്. യാത്ര പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പിന്തുണച്ചവർക്കുമൊപ്പം നേട്ടം ആഘോഷിച്ച മോണ്ട്ഗോമർ അന്നുതന്നെ മരണപ്പെടുകയായിരുന്നു. 79കാരിയായ ഭാര്യ ജെന്നിക്കൊപ്പം ആഘോഷപരിപാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോണ്ട്ഗോമർക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെടുകയും തുടർന്ന് കാർ അപകടത്തിൽപ്പെടുകയുമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത 2GB അവതാരകൻ മാർക്ക് ലെവിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആർൻക്ലിഫിലെ M5 ഈസ്റ്റ് ടണലിനുള്ളിൽ കാർ റോഡിന്റെ വശത്തെ മതിലിൽ ഇടിച്ചതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിൽ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോണ്ട്ഗോമർ പിന്നീട് മരിച്ചു. ഭാര്യ ജെന്നിയെ സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

59 വർഷമായി തന്റെ പ്രിയപ്പെട്ട ഭാര്യയായ ജെന്നി അവസാന നിമിഷങ്ങളിൽ മോണ്ട്ഗോമറിനൊപ്പമുണ്ടായിരുന്നുവെന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ച ബൗറലിൽ തിരിച്ചെത്തിയ മോണ്ട്ഗോമറിന് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഊഷ്മളമായ സ്വീകരണം ലഭിച്ചിരുന്നു. MND NSWയ്ക്കായി നടത്തിയ അദ്ദേഹത്തിന്റെ ആറാമത്തെ അന്തർസംസ്ഥാന ധനസമാഹരണ സൈക്കിൾ യാത്രയായിരുന്നു ഇത്. "One Last Ride" എന്നായിരുന്നു യാത്രയ്ക്ക് നൽകിയ പേര്. മോണ്ട്ഗോമറിന്റെ മരണത്തിൽ MND NSW അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തെ "അസാധാരണനായ വ്യക്തി" എന്നാണ് സംഘടന വിശേഷിപ്പിച്ചത്.

MND ബാധിച്ച് മരിച്ച തന്റെ ബന്ധുവിന്റെ സ്മരണയ്ക്കായാണ് മോണ്ട്ഗോമർ യാത്ര സംഘടിപ്പിച്ചത്.

MND NSW ചീഫ് എക്സിക്യൂട്ടീവ് ലിയാം ഒ'മിയാറ, വർഷങ്ങളായി MND ബാധിതർക്കായി ധനസമാഹരണത്തിനും ബോധവത്കരണത്തിനുമായി മോണ്ട്ഗോമർ പ്രവർത്തിച്ചിരുന്നതായി പറഞ്ഞു. "അദ്ദേഹത്തിന്റെ അവസാന യാത്ര പ്രചോദനാത്മകമായിരുന്നു. ഈ യാത്രയിലൂടെ ഓസ്‌ട്രേലിയയിലുടനീളമുള്ള സമൂഹങ്ങളിൽ MNDയെക്കുറിച്ചും MND NSW നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം അവബോധം സൃഷ്ടിച്ചു," ഒ'മിയാറ പറഞ്ഞു. MND ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ ഉപകരണങ്ങൾ, പ്രായോഗിക സഹായം, വിദഗ്ധ പരിചരണം, വിവര സേവനങ്ങൾ എന്നിവ നൽകാൻ സമാഹരിച്ച തുക ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്രൂമിൽ നിന്ന് ജൂൺ 22ന് ആരംഭിച്ച യാത്രയിൽ മോണ്ട്ഗോമറും കൊച്ചുമകൻ ടോമും വെസ്റ്റേൺ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി, ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് 5300 കിലോമീറ്റർ പൂർത്തിയാക്കിയത്. MND ബാധിതരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാനാണ് യാത്രയെന്ന ചിന്തയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലും മുന്നോട്ട് പോകാൻ പ്രചോദനമായതെന്ന് ടോം പറഞ്ഞു. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം മോണ്ട്ഗോമറിന്റെ ധനസമാഹരണ ക്യാമ്പയിനിലൂടെ ഒരു ലക്ഷം ഓസ്‌ട്രേലിയൻ ഡോളറിലധികം സമാഹരിച്ചിരുന്നു. "ഏതാനും പതിറ്റാണ്ടുകൾക്കപ്പുറം, എൺപതുകളിലും മറ്റുള്ളവരെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എല്ലാവർക്കും പ്രചോദനമായിരുന്നു," MND NSW പറഞ്ഞു. "മോണ്ട്ഗോമർ അവശേഷിപ്പിച്ച ഉദാരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും സേവനത്തിന്റെയും പാരമ്പര്യം എന്നും ഓർമിക്കപ്പെടും."

SCROLL FOR NEXT